സെപ്റ്റംബര്‍ 12 നാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ചിത്രത്തിന്‍റെ റിലീസ്

പ്രേക്ഷകരുടെ സിനിമാ അഭിരുചികള്‍ കാലത്തിനൊപ്പം പുതുക്കപ്പെടുന്ന ഒന്നാണ്, തലമുറകള്‍ക്കൊപ്പവും. ഡിജിറ്റല്‍ കാലത്ത് വിദൂര ദേശങ്ങളില്‍ നിന്നുള്ള സിനിമകള്‍ കണ്ട് പരിചയിക്കാന്‍ പ്രേക്ഷകര്‍ക്ക് ഇന്ന് കൂടുതല്‍ അവസരമുണ്ട്. നമ്മുടെ തിയറ്റര്‍ വ്യവസായത്തിലും അതിന്‍റേതായ ചില മാറ്റങ്ങള്‍ ദൃശ്യമായിട്ടുണ്ട്. മുന്‍പ് ഇന്ത്യയില്‍ റിലീസ് ഇല്ലാതിരുന്ന പല ​ഗണത്തില്‍ പെട്ട സിനിമകള്‍ക്കും ഇന്ന് അത് ഉണ്ട്. വെറും റിലീസ് അല്ല, കാര്യമായി പ്രേക്ഷകര്‍ ഉള്ളതിനാല്‍ പുലര്‍ച്ചെ മുതല്‍ ആരംഭിക്കുന്ന ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോകളും ഉണ്ട്.

ആ ​ഗണത്തില്‍, സമകാലിക ഇന്ത്യയില്‍ പുതുതായി പ്രേക്ഷകരെ കണ്ടെത്തിയിരിക്കുന്നവയാണ് ജാപ്പനീസ് അനിമെ ചിത്രങ്ങള്‍. ലോകം മുഴുവന്‍ ആരാധകരുള്ള (വിശേഷിച്ചും ചെറുപ്പക്കാരായവര്‍) ഈ ​ഗണത്തില്‍ പെട്ട ചിത്രങ്ങള്‍ക്ക് ഇന്ത്യയിലും ഇപ്പോള്‍ അത്രയധികം ആരാധകരുണ്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ സെപ്റ്റംബര്‍ 12 ന് റിലീസ് ചെയ്യപ്പെടാനിരിക്കുന്ന ഒരു ജാപ്പനീസ് അനിമെ ചിത്രത്തിന് അഡ്വാന്‍സ് ബുക്കിം​ഗില്‍ ലഭിക്കുന്ന പ്രതികരണം ഞെട്ടിക്കുന്നതാണ്. ഡെമോണ്‍ സ്ലെയര്‍: കിമെത്‍സു നോ യൈബ- ദി മൂവി: ഇന്‍ഫിനിറ്റി കാസില്‍ എന്ന ചിത്രമാണ് അത്.

ജപ്പാന്‍, സൗത്ത് കൊറിയ, തായ്‍വാന്‍ എന്നിവിടങ്ങളിലൊക്കെ ജൂലൈയില്‍ എത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം നേടിയത് 300 മില്യണ്‍ ഡോളറില്‍ (2640 കോടി രൂപ) അധികമാണ്. ഐമാക്സ് ശൃംഖലകളിലും വന്‍ നേട്ടമാണ് ചിത്രം ഉണ്ടാക്കിയിട്ടുള്ളത്. ഇന്ത്യയ്ക്കൊപ്പം യുഎസിലും യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലുമൊക്കെ റിലീസ് ചെയ്യപ്പെടുന്നതോടെ ചിത്രം ബോക്സ് ഓഫീസില്‍ 500 മില്യണ്‍ ഡോളര്‍ പിന്നിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യയില്‍ ഏറെ ആരാധകരുള്ള ജാപ്പനീസ് അനിമെ ചിത്രങ്ങള്‍ക്ക് മുന്‍പും മികച്ച റിലീസ് ലഭിച്ചിട്ടുണ്ടെങ്കിലും ഇന്‍ഫിനിറ്റി കാസിലിന് ലഭിക്കുന്ന പ്രതികരണം അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ഇന്ത്യയിലെ ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം 12 ന് പുലര്‍ച്ചെ 5.15 ന് ആണ്. മുംബൈ അടക്കമുള്ള വന്‍ നഗരങ്ങളിലാണ് ഈ സമയത്ത് ആദ്യ പ്രദര്‍ശനങ്ങള്‍. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ പല നഗരങ്ങളിലും ചിത്രത്തിന് നിരവധി തിയറ്ററുകളില്‍ പ്രദര്‍ശനങ്ങള്‍ ഉണ്ട്. ചിത്രം ഇന്ത്യയിലെ അഡ്വാന്‍സ് ബുക്കിംഗിലൂടെ ഇതിനകം 5 കോടിയിലധികം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. 40 കോടിക്ക് മുകളില്‍ ചിത്രം ഇന്ത്യയില്‍ നിന്ന് നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. ഇന്ത്യന്‍ സിനിമാ വ്യവസായത്തിന്‍റെ മാറുന്ന കാലത്തേക്കുള്ള ദിശാസൂചന ആയിരിക്കാം ഒരു ജാപ്പനീസ് അനിമെ ചിത്രത്തിന് ലഭിക്കുന്ന ഈ വലിയ സ്വീകാര്യത.

Demon Slayer: Kimetsu no Yaiba Infinity Castle | MAIN TRAILER