കേരളത്തില്‍ ഒന്നാമതുള്ള അന്യഭാഷാ സിനിമാ താരം ഷാരൂഖ് ഖാനല്ല.

ഷാരൂഖ് ഖാന് രണ്ടാം 1000 കോടി ക്ലബ് സമ്മാനിച്ചതാണ് ജവാൻ. ബോളിവുഡില്‍ ഒരു നടൻ 1000 കോടി ക്ലബില്‍ രണ്ട് തവണ എത്തുന്നതും റെക്കോര്‍ഡാണ്. കേരളത്തിലും വൻ കുതിപ്പാണ് ജവാന്. എങ്കിലും ജവാന് കയ്യെത്താദൂരത്താണ് രജനികാന്ത് ചിത്രം ജയിലര്‍ എന്നാണ് കേരളത്തിന്റെ 2023ലെ ബോക്സ് ഓഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

രജനികാന്തിന്റെ കരിയറിലെ വമ്പൻ വിജയമായ ചിത്രങ്ങളില്‍ ഒന്നാണ് ജയിലര്‍. ആഗോളതലത്തില്‍ രജനികാന്തിന്റെ ജയിലര്‍ 500 കോടിയില്‍ അധികം നേടിയിട്ടുണ്ട്. കേരളത്തിലാകട്ടെ ആകെ 57.70 കോടി കളക്ഷൻ നേടി അന്യഭാഷകളുടെ അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനത്തുണ്ട്. കേരളത്തില്‍ അന്യ ഭാഷാ ചിത്രങ്ങളുടെ കളക്ഷനില്‍ രണ്ടാം സ്ഥാനത്തുള്ള മണിരത്‍നത്തിന്റ ഇതിഹാസ ചിത്രമായ പൊന്നിയിൻ സെല്‍വൻ 19.15 കോടിയാണ് നേടിയത്.

മൂന്നാം സ്ഥാനത്താണ് ജവാൻ എത്തിയിരിക്കുന്നത്. ഷാരൂഖിന്റെ പഠാനായിരുന്നു 13.16 കോടി കളക്ഷനുമായി മൂന്നാം സ്ഥാനത്തുണ്ടായത്. ഇപ്പോള്‍ പഠാനെ ജവാൻ മറികടന്നെങ്കിലും കളക്ഷൻ പുറത്തുവിട്ടിട്ടില്ല. നാലാമതുള്ള വിജയ്‍യുടെ വാരിസ് 13.02 കോടി രൂപയാണ് നേടിയിരിക്കുന്നത്.

എന്തായാലും ജവാൻ അടുത്തെങ്ങും കുതിപ്പ് അവസാനിപ്പിക്കില്ല എന്ന സൂചനകളാണ് നല്‍കുന്നത്. കേരളത്തില്‍ വൻ മുന്നേറ്റം സാധ്യല്ലെങ്കിലും ചിത്രം ഉത്തരേന്ത്യയില്‍ ഇനിയും ചില റെക്കോര്‍ഡുകള്‍ കളക്ഷനില്‍ ഭേദിക്കുമെന്നാണ് വ്യക്തമാകുന്നത്. ഹിന്ദിയില്‍ ജവാന് ഇപ്പോഴും ആള്‍ക്കാരുണ്ട്. തമിഴകത്തിന്റെ ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയാണ് ജവാൻ സംവിധാനം ചെയ്‍തത്. വിജയ് സേതുപതിയായാണ് ജവാനിലെ വില്ലൻ. ബോളിവുഡില്‍ നായികയായി അരങ്ങേറ്റം കുറിച്ച താരം നയൻതാര മികച്ച പ്രകടനവുമായി രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ചു എന്നുമാണ് അഭിപ്രായങ്ങള്‍. ദീപിക പദുക്കോണ്‍, പ്രിയാമണി, സഞ്‍ജയ് ദത്ത്, സുനില്‍ ഗ്രോവര്‍, ഗിരിജ, കെന്നി, സായ് ധീന തുടങ്ങി ഒട്ടേറെ താരങ്ങള്‍ ജവാനില്‍ വേഷമിട്ടിരുന്നു.

Read More: ഷാരൂഖിനോടും പ്രഭാസിനോടും ഏറ്റുമുട്ടാൻ മോഹൻലാലും?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക