ഹൗസ്ഫുൾ 5 ആദ്യ മൂന്ന് ദിവസത്തിൽ മികച്ച കളക്ഷനോടെ മുന്നേറുന്നു. ആഭ്യന്തര ക ളക്ഷന്‍ തന്നെ 100 കോടിയിലേക്ക്

മുംബൈ: തരുൺ മൻസുഖാനി സംവിധാനം ചെയ്ത കോമഡി ചലച്ചിത്രം ഹൗസ്ഫുൾ 5 ആദ്യ മൂന്ന് ദിവസത്തില്‍ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം നടത്തുന്നു. സക്നിൽക്കിന്റെ കണക്ക് പ്രകാരം അക്ഷയ് കുമാറിന്റെ ചിത്രം ആദ്യ ഞായറാഴ്ചയും കഴിയുമ്പോള്‍ മൊത്തം ഇന്ത്യന്‍ ബോക്സ് ഓഫീസിൽ 87 കോടി രൂപ കളക്ഷൻ നേടിയെന്നാണ് വിവരം.

ട്രേഡ് വെബ്‌സൈറ്റ് സാക്നില്‍ക് റിപ്പോർട്ട് ചെയ്തതനുസരിച്ച് അക്ഷയ് ചിത്രം ആദ്യ ദിനത്തിൽ 24 കോടി ആഭ്യന്തര കളക്ഷൻ നേടി, ഹൗസ്ഫുൾ മുൻ ഭാഗത്തിന്റെ ആദ്യ ദിന കളക്ഷനെക്കാളും അക്ഷയുടെ സമീപകാല റിലീസുകളായ സ്കൈ ഫോഴ്‌സ്, കേസരി ചാപ്റ്റർ 2 എന്നിവയേക്കാൾ കൂടുതലാണ് ഇത്. 

മൂന്നാം ദിവസം, അതായത് സിനിമയുടെ ആദ്യ ഞായറാഴ്ച പ്രേക്ഷകരിൽ മികച്ച പ്രതികരണം നേടിയ ചിത്രം 32 കോടി കളക്ഷൻ നേടി, ആഭ്യന്തരമായി ഇതോടെ താരസമ്പന്നമായ പടം ആകെ 87 കോടി നേടി. ചിത്രം ഇപ്പോൾ 100 കോടിയിലേക്ക് അടുക്കുകയാണ്, ഇതേ വേഗതയിൽ പ്രേക്ഷകരെ ആകർഷിക്കുന്നത് തുടർന്നാൽ ആദ്യ തിങ്കളാഴ്ചയോടെ ആഭ്യന്തരമായി 100 കോടി എന്ന സംഖ്യ ചിത്രത്തിന് മറികടക്കാൻ കഴിയും.

അതേ സമയം ആഗോളതലത്തില്‍ ചിത്രം ഇതിനകം 100 കോടി കടന്നിട്ടുണ്ടാകും എന്നാണ് സൂചന. രണ്ട് ദിവസത്തില്‍ തന്നെ ചിത്രം 80 കോടിക്ക് മുകളില്‍ നേടിയിരുന്നു.

ബോളിവുഡിലെ ഏറ്റവും വലിയ കോമഡി ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ഹൗസ്‍ഫുള്‍. തമാശ, ആശയ കുഴപ്പങ്ങൾ, നിഗൂഢത എന്നിവയെല്ലാം നിലനിര്‍ത്തുന്ന ഈ ഫ്രാഞ്ചെസിയിലെ അഞ്ചാം ചിത്രമാണ് ഹൗസ്ഫുൾ 5. സാജിദ് നദിയാദ്‌വാല നിർമ്മിച്ച് തരുൺ മൻസുഖാനി സംവിധാനം ചെയ്‍ത ഈ ചിത്രം, ഹൗസ്‍ഫുൾ ചിത്രങ്ങളെ ഹിറ്റാക്കിയ എല്ലാ ഫോര്‍മുലയും ചേര്‍ത്താണ് ഒരുക്കിയത്. ജാക്വലിൻ ഫെർണാണ്ടസ്, സോനം ബജ്‌വ, നർഗീസ് ഫക്രി, സഞ്ജയ് ദത്ത്, ജാക്കി ഷ്രോഫ്, നാനാ പടേക്കർ, ചിത്രാംഗദ സിംഗ്, ഫർദീൻ ഖാൻ, ചങ്കി പാണ്ഡെ, ജോണി ലിവർ, ശ്രേയസ് തൽപാഡെ, ഡിനോ മോറിയ, രഞ്ജിത്, സൗന്ദര്യ ശർമ്മ, നികിതിൻ ധീർ, ആകാശ്ദീപ് സാബിർ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്.

അതേ സമയം ചിത്രം ലാഭത്തില്‍ ആകണമെങ്കില്‍ 300 കോടി എങ്കിലും ഇന്ത്യയില്‍ നെറ്റ് കളക്ഷന്‍ നേടേണ്ടിവരും എന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. ഹൗസ്ഫുൾ 5 ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ ഏകദേശം 340-350 കോടി നെറ്റ് നേടേണ്ടതുണ്ട്, ഇത് അക്ഷയ് കുമാറിന്റെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ഗുഡ് ന്യൂസിനേക്കാൾ (304 കോടി ഗ്രോസ്) ഏകദേശം 50 കോടി കൂടുതലാണ്.