ബോളിവുഡിലെ ഹൗസ്ഫുള്‍ ഫ്രാഞ്ചൈസിയുടെ അഞ്ചാം ചിത്രം രണ്ട് ക്ലൈമാക്സുകളുമായാണ് തിയേറ്ററുകളിലെത്തുന്നത്. 5 എ, 5 ബി എന്നിങ്ങനെ രണ്ട് പതിപ്പുകളിലായിരിക്കും ചിത്രത്തിന്റെ റിലീസ്.

മുംബൈ: ബോളിവുഡിലെ ഏറ്റവും വലിയ കോമഡി ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ഹൗസ്ഫുള്‍. തമാശ, ആശയ കുഴപ്പങ്ങൾ, നിഗൂഢത എന്നിവയെല്ലാം നിലനിര്‍ത്തുന്ന ഈ ഫ്രാഞ്ചെസിയിലെ അഞ്ചാം ചിത്രം ഹൗസ്ഫുൾ 5 ന്‍റെ ട്രെയിലര്‍ ഇതിനകം ശ്രദ്ധ നേടി കഴിഞ്ഞു. 

ഇപ്പോഴിതാ പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച് പടം രണ്ട് പതിപ്പായാണ് പുറത്തിറങ്ങുക എന്നാണ് വിവരം. നേരത്തെ തന്നെ ചിത്രത്തിന് രണ്ട് കോപ്പി സെന്‍സര്‍ ചെയ്തത് വാര്‍ത്തകള്‍ വന്നിരുന്നു. രണ്ട് ക്ലൈമാക്സുകള്‍ ചിത്രത്തിനുണ്ടാകും എന്നാണ് വിവരം. 5 എ, 5ബി എന്നിങ്ങനെ രണ്ട് പതിപ്പ് ചിത്രത്തിന് ഉണ്ടാകും എന്നാണ് വിവരം.

1985-ലെ ഹോളിവുഡ് ചിത്രം ക്ലൂ ആദ്യമായി പരീക്ഷിച്ച രീതിയാണ് ഇത്. പിന്നീട് വിവിധ ലോക ഭാഷകളില്‍ ഈ രീതി സ്വീകരിച്ചിട്ടുണ്ട്. മലയാളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും പ്രധാന വേഷത്തില്‍ അഭിനയിച്ച ഹരികൃഷ്ണന്‍സില്‍ അടക്കം ഈ രീതി അവലംബിച്ചിട്ടുണ്ട്. എന്നാല്‍ ഈ രീതി ഇപ്പോള്‍ ബോളിവുഡില്‍ വര്‍ക്കാകുംഎന്നാണ് ഹൗസ്ഫുള്‍ നിര്‍മ്മാതാവ് സാജിദ് നദിയാദ്‌വാല കരുതുന്നത്. 

"ഒന്നിലധികം ക്ലൈമാക്സുകള്‍ നല്‍കി ഒരു സിനിമയ്ക്ക് ഒന്നിലധികം അനുഭവങ്ങളും ഉണ്ടാക്കുക എന്ന ആശയം 30 വർഷമായി എന്‍റെയുള്ളിലുണ്ട്. ഹൗസ്ഫുൾ 5 നെ ഒരു ത്രില്ലർ കോമഡിയാക്കാൻ ഞാൻ തീരുമാനിച്ചപ്പോള്‍, ഒന്നിലധികം ക്ലൈമാക്സുകള്‍ ഉണ്ടായിരിക്കുക എന്ന എന്‍റെ ആശയം നടപ്പിലാക്കാൻ ഇതിലും നല്ലൊരു മാർഗമായി" " സാജിദ് നദിയാദ്‌വാല അമേരിക്കൻ വിനോദ പോർട്ടലായ വെറൈറ്റിയോട് പറഞ്ഞു. 

സാജിദ് നദിയാദ്‌വാല നിർമ്മിച്ച് തരുൺ മൻസുഖാനി സംവിധാനം ചെയ്ത ഈ ചിത്രം, ഹൗസ്ഫുൾ ചിത്രങ്ങളെ ഹിറ്റാക്കിയ എല്ലാ ഫോര്‍മുലയും ചേര്‍ത്താണ് ഒരുക്കിയത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വന്‍താര നിര അണിനിരക്കുന്ന ചിത്രം ഇത്തവണ ഒരു ക്രൂയിസ് കപ്പലില്‍ നടക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. 

കഥാതന്തു കൂടുതൽ സങ്കീർണമാകുമ്പോൾ, സഞ്ജയ് ദത്തും ജാക്കി ഷ്രോഫും അവതരിപ്പിക്കുന്ന രണ്ട് കർക്കശക്കാരായ പോലീസുകാരുടെയും നാനാ പടേക്കർ ജീവൻ നൽകുന്ന മറ്റൊരു നിഗൂഢ കഥാപാത്രത്തിന്റെയും രംഗപ്രവേശത്തോടെ കുഴപ്പങ്ങൾ പൊട്ടിപ്പുറപ്പെടുന്നു.

ജാക്വലിൻ ഫെർണാണ്ടസ്, സോനം ബജ്‌വ, നർഗീസ് ഫക്രി എന്നിവര്‍ ഗ്ലാമര്‍ റോളില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. 2025 ജൂൺ 5 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. പ്രധാന താരങ്ങള്‍ക്ക് പുറമേ സഞ്ജയ് ദത്ത്, ജാക്കി ഷ്രോഫ്, നാനാ പടേക്കർ, ചിത്രാംഗദ സിംഗ്, ഫർദീൻ ഖാൻ, ചങ്കി പാണ്ഡെ, ജോണി ലിവർ, ശ്രേയസ് തൽപാഡെ, ഡിനോ മോറിയ, രഞ്ജിത്, സൗന്ദര്യ ശർമ്മ, നികിതിൻ ധീർ, ആകാശ്ദീപ് സാബിർ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്.