ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം
മലയാളത്തിലെ ഏറ്റവും ജനപ്രിയ താരം ആരെന്ന ചോദ്യത്തിന് കൂടുതല്‍ പേരും പറയുന്ന ഉത്തരം മോഹന്‍ലാല്‍ എന്നാവും. മലയാള സിനിമകളുടെ ബോക്സ് ഓഫീസ് കണക്കുകള്‍ നോക്കിയാലും അതിനുത്തരം മോഹന്‍ലാല്‍ എന്നാവും. മലയാളത്തില്‍ 50, 100, 200, 250 കോടി ക്ലബ്ബുകള്‍ തുറന്നത് മോഹന്‍ലാല്‍ ചിത്രങ്ങളാണ്. മലയാള സിനിമയുടെ കാലത്തിനനുസരിച്ചുള്ള ബോക്സ് ഓഫീസ് വികാസം ഇന്‍ഡസ്ട്രി തന്നെ തിരിച്ചറിഞ്ഞത് മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെയാണ് എന്നും പറയാം. ഇപ്പോഴിതാ ഹൃദയപൂര്‍വ്വം മികച്ച പ്രതികരണം നേടി തിയറ്ററുകളില്‍ തുടരുമ്പോള്‍ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍.
കേരളത്തില്‍ നിന്ന് മാത്രം 30 കോടി എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഹൃദയപൂര്‍വ്വം. കേരളത്തില്‍ നിന്ന് മാത്രം 30 കോടി നേടുന്ന എട്ടാമത് മോഹന്‍ലാല്‍ ചിത്രമാണ് ഹൃദയപൂര്‍വ്വം. ദൃശ്യത്തിലൂടെയാണ് ഒരു മലയാള ചിത്രം ആദ്യമായി സ്വന്തമാക്കുന്നത്. പിന്നീട് മോഹന്‍ലാലിന്‍റെ ഒപ്പം, പുലിമുരുകന്‍, ലൂസിഫര്‍, നേര്, എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങളും ഈ നേട്ടം സ്വന്തമാക്കി. ഇതില്‍ തുടരും കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടുന്ന ആദ്യ മലയാള ചിത്രമായും മാറിയിരുന്നു. അതേസമയം ഓണം അവധി ദിനങ്ങള്‍ അവസാനിച്ചതിന് ശേഷവും മികച്ച ഒക്കുപ്പന്‍സിയാണ് ഹൃദയപൂര്‍വ്വം നേടുന്നത്. അതിനാല്‍ത്തന്നെ ചിത്രത്തിന്‍റെ ഫൈനല്‍ ഗ്രോസ് ഇപ്പോള്‍ പ്രവചിക്കുക അസാധ്യമാണ്.
ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തില്‍ സംഗീത് പ്രതാപ്, മാളവിക മോഹനന്‍, സംഗീത എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇടവേളയ്ക്ക് ശേഷമാണ് ഒരു സത്യന്‍ അന്തിക്കാട് സിനിമയുടെ ചിത്രീകരണം കേരളത്തിന് പുറത്ത് നടക്കുന്നത്. പൂനെയാണ് ചിത്രത്തിന്‍റെ പ്രധാന കഥാപശ്ചാത്തലം. സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. അഖിൽ സത്യൻ്റേതാണു കഥ.
ടി പി സോനു എന്ന നവാഗതൻ തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാന സഹായി. ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം ജസ്റ്റിൻ പ്രഭാകർ. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം പ്രശാന്ത് നാരായണൻ, മേക്കപ്പ് പാണ്ഡ്യൻ, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, സഹ സംവിധാനം ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, ഫോട്ടോ അമൽ സി സദർ.

