2024-ൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ ദക്ഷിണേന്ത്യൻ സിനിമകൾ മുന്നേറി, മലയാള സിനിമ ചരിത്രത്തിലാദ്യമായി 10% വിപണി വിഹിതം നേടി. 

മുംബൈ: പുഷ്പ 2: ദി റൂൾ, കൽക്കി 2898 എഡി എന്നിവ അടക്കം വന്‍ ഹിറ്റുകളായി ദക്ഷിണേന്ത്യൻ സിനിമകളാണ് 2024-ൽ ഇന്ത്യന്‍ ബോക്സോഫീസില്‍ ഒന്നാമത് എത്തിയത്. ബോളിവുഡില്‍ സംഭവിച്ച വന്‍ ഇടിവ് നികത്തുന്ന രീതിയിലാണ് കഴിഞ്ഞ വര്‍ഷം ദക്ഷിണേന്ത്യന്‍ പടങ്ങള്‍ സാന്നിധ്യമായത് എന്നാണ് മുംബൈ ആസ്ഥാനമായുള്ള ഓർമാക്‌സ് മീഡിയയുടെ കണക്കുകൾ പറയുന്നത്. 

ഈ വർഷത്തെ ടോട്ടൽ ബോക്‌സ് ഓഫീസ് കളക്ഷന്‍ ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന ബോക്‌സ് ഓഫീസാണ് - 118.3 ബില്ല്യണ്‍ രൂപയാണ് ഇന്ത്യന്‍ ബോക്സോഫീസ് 2024 ല്‍ ഉണ്ടാക്കിയത്. എന്നാല്‍ 2023-ൽ 122.3 ബില്ല്യണ്‍ രൂപ ആയിരുന്നു. അതായത് മൊത്തം ബോക്സോഫീസ് കളക്ഷനില്‍ 3.2% ഇടിവ് സംഭവിച്ചു.

ഹിന്ദി സിനിമകൾ മൊത്തം ഇന്ത്യന്‍ ബോക്‌സ് ഓഫീസിന്‍റെ 40% വിഹിതം നേടി, തെലുങ്ക് സിനിമകൾ 20%, തമിഴ് 15%, മലയാളം 10%, ഹോളിവുഡ് 8%, കന്നഡ ഭാഷാ ചിത്രങ്ങൾ 3% വിപണി വിഹിതം വഹിക്കുന്നു. ചരിത്രത്തില്‍ ആദ്യമായാണ് മലയാള സിനിമ ഇന്ത്യന്‍ ബോക്സോഫീസില്‍ 10 ശതമാനം വിപണി വിഹിതം നേടുന്നത്.

മലയാള സിനിമ ഇന്ത്യന്‍ ബോക്സോഫീസില്‍ ഏറ്റവും വളര്‍ന്ന വര്‍ഷമാണ് 2024. മോളിവു‍ഡ് വിപണി വിഹിതം 2023-ൽ 5% ആയിരുന്നത് 2024-ൽ 10% ആയി ഇരട്ടിയാക്കി, ആദ്യമായി മലയാളം ഒറ്റയ്ക്ക് ബോക്സോഫീസില്‍ നിന്നും 1000 കോടി കളക്ഷന്‍ എന്ന നേട്ടവും ഉണ്ടാക്കി. സർവൈവൽ ത്രില്ലറായ മഞ്ഞുമ്മൽ ബോയ്സ് ആയിരുന്നു മലയാളത്തിലെ കളക്ഷനില്‍ ഒന്നാമത് എത്തിയ പടം. 

2023 നെ അപേക്ഷിച്ച് ബോളിവുഡിന്‍റെ കളക്ഷനില്‍ 13 ശതമാനത്തോളം ഇടിവ് സംഭവിച്ചിട്ടുണ്ട് 2024ല്‍. ഹിന്ദി ചലച്ചിത്ര മേഖലയിലെ വരുമാനത്തിന്‍റെ 31 ശതമാനം വന്നിരിക്കുന്നത് ഡബ്ബ് ചെയ്ത സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ നിന്നാണ്. ഒറിജിനല്‍ ഹിന്ദി ചിത്രങ്ങളുടെ വരുമാനം 37 ശതമാനത്തോളം ഇടിഞ്ഞു 2024ല്‍. 

പുഷ്പ 2, കല്‍ക്കി, സ്ത്രീ 2 എന്നിവയാണ് 2024 ല്‍ ഇന്ത്യന്‍ ബോക്സോഫീസിലെ ഏറ്റവും വലിയ പണം വാരിപ്പടങ്ങള്‍. ഇന്ത്യയില്‍ റിലീസായ ഹോളിവുഡ് ചിത്രങ്ങള്‍ക്കും വലിയ തിരിച്ചടിയാണ് ഈ വര്‍ഷം ലഭിച്ചത്. ഇവയുടെ കളക്ഷന്‍ 17 ശതമാനത്തിലേറെ ഇടിഞ്ഞു. 

വ്യത്യസ്തമായ ചിത്രങ്ങള്‍, പണപ്പെട്ടി നിറച്ച് മോളിവുഡ് - മലയാള സിനിമ 2024

പരാജയങ്ങളുടെ പടുകുഴി, മുടക്കുമുതലും വെള്ളത്തിൽ; അക്ഷയ് കുമാറിനെ കരകയറ്റാൻ പ്രിയദർശൻ, പുതുപടത്തിന് ആരംഭം