പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്ത ചിത്രം

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി നായകനായ ഒരു ചിത്രം തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. പ്രവീണ്‍ നാരായണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ജെഎസ്കെ (ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള) ആണ് ആ ചിത്രം. വ്യാഴാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന്‍റെ ഓപണിംഗ് കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ട്രാക്കര്‍മാര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ രണ്ടാം ദിവസമായ വെള്ളിയാഴ്ചത്തെ കളക്ഷനും പുറത്തെത്തിയിരിക്കുകയാണ്.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം രണ്ടാം ദിനം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത് ഒരു കോടി രൂപയാണ്. റിലീസ് ദിനത്തില്‍ ഇത് 1.1 കോടി ആയിരുന്നു. നെറ്റ് കളക്ഷനാണ് ഇത്. ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 2.1 കോടി. ഇന്ത്യയില്‍ നിന്നുള്ള ഗ്രോസ് 2.4 കോടിയാണ്. ശനി, ഞായര്‍ ദിനങ്ങളില്‍ ചിത്രം നടത്തുന്ന ബോക്സ് ഓഫീസ് പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.

കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടെയ്ന്‍‍മെന്‍റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് ജെ ഫാനീന്ദ്ര കുമാർ ആണ്. സേതുരാമൻ നായർ കങ്കോൾ ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. ഒരു ഇടവേളക്ക് ശേഷം അനുപമ പരമേശ്വരൻ നായികാ വേഷം ചെയ്തു കൊണ്ട് മലയാളത്തിലെത്തുന്ന ഈ ചിത്രം ഒരു കോർട്ട് റൂം ഡ്രാമയാണ്. സുരേഷ് ഗോപിയുടെ 253-ാ മത് ചിത്രമാണ് ജെഎസ്കെ. കേസ് അന്വേഷണം, കോടതി വ്യവഹാരം എന്നിവയുൾപ്പെടുന്ന ഒരു ലീഗൽ ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരെ കൂടാതെ അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, രതീഷ് കൃഷ്ണൻ, ഷഫീർ ഖാൻ, മഞ്ജു ശ്രീ നായർ, ജയ് വിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Midhun | Live News