Asianet News MalayalamAsianet News Malayalam

മൂന്നാം വാരത്തിലും രണ്ടായിരത്തിലേറെ സ്‌ക്രീനുകളില്‍; 'ഉറി'യെയും മറികടക്കാന്‍ 'കബീര്‍ സിംഗ്'

സമ്മിശ്ര പ്രതികരണത്തിനിടയിലും ബോക്‌സ്ഓഫീസില്‍ കുതിയ്ക്കുകയാണ് ചിത്രം. ബോളിവുഡില്‍ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ കളക്ഷനില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ കബീര്‍ സിംഗ്.
 

kabir singh to be highest grossing bollywood film this year
Author
Thiruvananthapuram, First Published Jul 5, 2019, 2:29 PM IST

തെലുങ്കില്‍ തരംഗം സൃഷ്ടിച്ച 'അര്‍ജുന്‍ റെഡ്ഡി'യുടെ റീമേക്ക് ആയതിനാല്‍ തെന്നിന്ത്യന്‍ പ്രേക്ഷകരിലും കൗതുകമുണര്‍ത്തിയ ചിത്രമായിരുന്നു ഷാഹിദ് കപൂര്‍ നായകനായ ബോളിവുഡ് ചിത്രം 'കബീര്‍ സിംഗ്'. അതിനാല്‍ത്തന്നെ ചിത്രം പുറത്തിറങ്ങി ആദ്യ ദിനങ്ങളില്‍ തെലുങ്കിലെ ഒറിജിനലിനോട് താരതമ്യം ചെയ്ത് ചിത്രം തങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്ന് പ്രേക്ഷകരില്‍ പലരും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമുയര്‍ത്തിയിരുന്നു. എന്നാല്‍ സമ്മിശ്ര പ്രതികരണത്തിനിടയിലും ബോക്‌സ്ഓഫീസില്‍ കുതിയ്ക്കുകയാണ് ചിത്രം. ബോളിവുഡില്‍ ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ കളക്ഷനില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ കബീര്‍ സിംഗ്. പ്രദര്‍ശനത്തിന്റെ മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ ഇന്ത്യയില്‍ രണ്ടായിരത്തിലേറെ സ്‌ക്രീനുകളില്‍ തുടരുന്നുമുണ്ട് ചിത്രം.

ആദ്യ വാരം 134.42 കോടി നേടിയ ചിത്രം രണ്ടാംവാരം 78.78 കോടിയും നേടി. ആകെ 213.20 കോടി രൂപ. ഇന്ത്യയില്‍ നിന്ന് മാത്രമുള്ള കണക്കാണിത്. ഈ വര്‍ഷത്തെ റിലീസുകളില്‍ നിലവില്‍ ബോക്‌സ്ഓഫീസില്‍ മുന്നിലുള്ളത് 'ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്' ആണ്. ഈ വര്‍ഷം ബോളിവുഡിലെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായിരുന്നു ചിത്രം. ആദ്യ അഞ്ച് ദിനങ്ങളില്‍ 50 കോടിയും പത്ത് ദിനങ്ങളില്‍ 100 കോടിയും പിന്നിട്ട ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് ആകെ നേടിയത് 244.06 കോടി രൂപയാണ് (നെറ്റ് ഇന്ത്യന്‍ കളക്ഷന്‍).

kabir singh to be highest grossing bollywood film this year

എന്നാല്‍ ഈ വാരം പിന്നിടുന്നതോടെ 'ഉറി'യെ 'കബീര്‍ സിംഗ്' മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ലോകകപ്പ് ക്രിക്കറ്റും മുംബൈ അടക്കമുള്ള ചില കേന്ദ്രങ്ങളിലെ മഴ ഉള്‍പ്പെടെയുള്ള കാരണങ്ങളുമാണ് കളക്ഷനെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുള്ളതെന്ന് ഇന്‍ഡസ്ട്രി വിലയിരുത്തുന്നത്. എന്തായിരുന്നാലും മൂന്നാം വാരം പിന്നിടുന്നതോടെ ചിത്രത്തിന്റെ ലൈഫ് ടൈം ബിസിനസിനെക്കുറിച്ച് പ്രവചിക്കാനാവുമെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്.

Follow Us:
Download App:
  • android
  • ios