കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി 'കൈതി'. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഒക്ടോബര്‍ 25നാണ് തീയേറ്ററുകളിലെത്തിയത്. ഈ മാസം 11 വരെയുള്ള (ആകെ 18 ദിനങ്ങള്‍) കണക്കനുസരിച്ച് ചിത്രം നേടിയ വേള്‍ഡ്‌വൈഡ് ഗ്രോസ് കളക്ഷന്‍ 100 കോടിക്ക് മുകളില്‍ വരും. കാര്‍ത്തി നായകനാവുന്ന ഒരു ചിത്രം ആദ്യമായാണ് 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്നത്.

ദീപാവലി റിലീസായി വിജയ് നായകനായ 'ബിഗിലി'നൊപ്പമാണ് 'കൈതി'യും തീയേറ്ററുകളിലെത്തിയത്. എന്നാല്‍ വേറിട്ട അവതരണശൈലിയുള്ള ചിത്രത്തിന് റിലീസ് ദിനം മുതല്‍ എല്ലാ മാര്‍ക്കറ്റുകളിലും മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചു. കേരളത്തില്‍ നിന്ന് ആദ്യവാരം ചിത്രം 5.26 കോടിയാണ് നേടിയിരുന്നത്.

 

ലോകേഷ് കനകരാജിന്റെ കരിയറിലെ രണ്ടാംചിത്രമാണ് കൈതി. 2017ല്‍ പുറത്തെത്തിയ മാനഗരം ആയിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം. അതേസമയം ലോകേഷിന്റെ അടുത്ത ചിത്രത്തില്‍ വിജയ് ആണ് നായകന്‍. ക്യാമ്പസ് പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ചിത്രമാവും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സ്ബി ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോ നിര്‍മ്മിക്കുന്ന ചിത്രം 2020 ഏപ്രില്‍ ഒന്‍പതിന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും.