ആദ്യഘട്ടത്തിലെ വിമർശനങ്ങളെ മറികടന്ന് രൺവീർ സിംഗിന്റെ 'ധുരന്ദർ' ബോക്സ് ഓഫീസിൽ ചരിത്രവിജയം നേടുന്നു. റിലീസ് ചെയ്ത് ഒരു മാസത്തിനുള്ളിൽ ചിത്രം 'ജവാനെ' പിന്തള്ളി ഏറ്റവും കൂടുതൽ വരുമാനം നേടുന്ന രണ്ടാമത്തെ ഹിന്ദി സിനിമയായി മാറി.
ചില സിനിമകൾ അങ്ങനെയാണ്, റിലീസിന് മുൻപുള്ള മുൻവിധികളെ എല്ലാം മാറ്റി മറിച്ചുള്ള പ്രകടനം കാഴ്ചവയ്ക്കും. ബോക്സ് ഓഫീസിൽ വെന്നിക്കൊടി പാറിക്കും. അത്തരമൊരു സിനിമയാണ് രൺവീർ സിംഗ് നായകനായി എത്തിയ ധുരന്ദർ. പേര് തന്നെ ട്രോളാക്കി ചിത്രം ദുരന്തമാകുമെന്ന് പലരും വിധി എഴുതിയ സിനിമ പക്ഷേ ഒരിടവേളയ്ക്ക് ശേഷം ബോളിവുഡിന് സമ്മാനിച്ചത് 1000 കോടി ആണ്. ചിത്രം തിയറ്ററുകളിൽ എത്തിയിട്ട് ഒരുമാസം പിന്നിട്ട വേളയിൽ ഇതുവരെ ആഗോളതലത്തിൽ ധുരന്ദർ നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്.
പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 1206.25 കോടിയാണ് ആഗോളതലത്തിൽ ധുരന്ദർ നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് മുപ്പത്തി ഒന്ന് ദിവസത്തെ കളക്ഷനാണിത്. ഇന്ത്യ നെറ്റായി 772.25 കോടി നേടിയ ചിത്രം ഗ്രോസായി നേടിയത് 926.75 കോടിയാണ്. ഓവർസീസിൽ നിന്നും 280 കോടിയും ധുരന്ദർ ഇതുവരെ നേടിയിട്ടുണ്ട്. മുപ്പത്തി ഒന്നാം ദിവസമായ ഇന്നലെ 12.75 കോടി കൂടിയാണ് ധുരന്ദർ നേടിയത്.
2025 ഡിസംബർ 5ന് ആയിരുന്നു ധുരന്ദർ തിയറ്ററുകളിൽ എത്തിയത്. ആദ്യദിനം 28 കോടിയായിരുന്നു സിനിമയുടെ കളക്ഷൻ. 32 കോടി, 43 കോടി എന്നിങ്ങനെയാണ് മറ്റ് ദിവസങ്ങളിലും ചിത്രം നേടിയത്. പിന്നീട് അങ്ങോട്ട് കോടികളുടെ തിളക്കത്തിലായിരുന്നു ധുരന്ദർ. ആദ്യ ആഴ്ച 207.25 കോടിയാണ് സിനിമ നേടിയത്. 253.25 കോടി, 172 കോടി, 106.5 കോടി എന്നിങ്ങനെയാണ് മറ്റ് മൂന്ന് ആഴ്ചത്തെ കളക്ഷൻ കണക്ക്.
ജവാനെ മറികടന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഹിന്ദി സിനിമകളിൽ രണ്ടാം സ്ഥാനത്താണ് ധുരന്ദർ ഇപ്പോൾ. 2000 കോടിയിലേറെ നേടിയ ആമിർ ഖാൻ ചിത്രം ദംഗൽ ആണ് ഒന്നാം സ്ഥാനത്ത്. ആദിത്യ ധർ രചനയും സംവിധാനവും നിർവഹിച്ച ധുരന്ദർ വൈകാതെ ഒടിടിയിൽ എത്തുമെന്നും പറയപ്പെടുന്നുണ്ട്.



