കേരളത്തില്‍ ഓപ്പണിംഗ് കളക്ഷനില്‍ രജനികാന്ത് ചിത്രം വേട്ടയ്യന് മാറ്റങ്ങളുണ്ടാക്കാനായോ?.

മലയാളത്തിന് 2024 മികച്ച വര്‍ഷമാണെന്നാണ് കളക്ഷൻ കണക്കുകള്‍ തെളിയിക്കുന്നത്. 2023 മറുഭാഷ ചിത്രങ്ങള്‍ കേരള തിയറ്ററുകളില്‍ നിറഞ്ഞാടിയെങ്കിലും 2024ല്‍ ഹിറ്റായത് മോളിവുഡാണ്. 2024ലെ റിലീസ് കളക്ഷനിലും മലയാളം സിനിമയാണ് ഒന്നാമത്. രജനികാന്തും വിജയ്‍യുമെത്തിയെങ്കിലും കളക്ഷനില്‍ മമ്മൂട്ടിയാണ് ഇതുവരെയുള്ള കണക്കുകളില്‍ ഒന്നാമത്.

കേരള ഓപ്പണിംഗ് കളക്ഷനില്‍ മമ്മൂട്ടി ചിത്രം ടര്‍ബോയാണ് ഒന്നാമത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ടര്‍ബോയുടെ ഓപ്പണിംഗ് കളക്ഷൻ 6.15 കോടിയാണ് കേരളത്തില്‍ റിലീസിന് എന്നുമാണ് റിപ്പോര്‍ട്ട്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ 5.85 കോടി റിലീസിന് നേടി. നടൻ പൃഥ്വിരാജിന്റെ ആടുജീവിതം 5.83 കോടിയുമായി മൂന്നാം സ്ഥാനത്ത് ഉള്ളപ്പോള്‍ വിജയ്‍യുടെ ദ ഗോട്ട് കേരളത്തില്‍ നിന്ന് 5.80 കോടിയും രജനികാന്തിന്റെ വേട്ടയ്യൻ 4.10 കോടി രൂപയുമാണ് കേരളത്തില്‍ നിന്ന് റിലീസിന് നേടിയത്.

മമ്മൂട്ടിയുടെ ടര്‍ബോയുടെ സംവിധാനം വൈശാഖായിരുന്നു. മിഥുൻ മാനുവേല്‍ തോമസായിരുന്നു തിരക്കഥ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലുള്ള ചിത്രമായിരുന്നു വാലിബൻ. വൻ പ്രതീക്ഷയോടെ എത്തിയ ചിത്രമായിട്ടും കളക്ഷനില്‍ നിരാശപ്പെടുത്തി. ഒടിടിയില്‍ മോഹൻലാല്‍ നായകനായ ആ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. സംവിധായകൻ ബ്ലസ്സിയുടെ ചിത്രമായിരുന്നു ആടുജീവിതം. പൃഥ്വിരാജ് സംസ്ഥാന അവാര്‍ഡ് ലഭിച്ചുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. നജീബായിട്ടാണ് പൃഥ്വിരാജ് ചിത്രത്തില്‍ വേഷമിട്ടത്.

ദളപതി വിജയ്‍യുുടെ ദ ഗോട്ടിന്റെ സംവിധാനം വെങ്കട് പ്രഭുവാണ്. ദ ഗോട്ട് ആഗോളതലത്തില്‍ 400 കോടി രൂപയിലധികം നേടിയിട്ടുണ്ട്. വേട്ടയ്യൻ ടി ജെ ജ്ഞാനവേലാണ് സംവിധാനം ചെയ്‍തത്. വേട്ടയ്യൻ റിലീസിന് ആഗോളതലത്തില്‍ 67 കോടി രൂപയിലധികം നേടിയിരുന്നു എന്നാണ് വിവിധ കളക്ഷൻ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

Read More: എടാ മോനേ, ഫഹദ് കലക്കി, കളക്ഷനില്‍ കേരളത്തിലും ഓപ്പണിംഗില്‍ ഞെട്ടിച്ച് വേട്ടയ്യൻ, ചിത്രത്തിന് നേടാനായത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക