ഇന്നലെയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്

തമിഴ് സിനിമയില്‍ കരിയറില്‍ കൃത്യമായ വളര്‍ച്ചാ ​ഗ്രാഫ് ഉള്ള താരമാണ് ധനുഷ്. അയലത്തെ വീട്ടിലെ പയ്യന്‍ ഇമേജില്‍ അഭിനയ ജീവിതം ആരംഭിച്ച ധനുഷിന്‍റേതായി ഇന്ന് പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ വലിയ സ്കെയിലിലും കാന്‍വാസിലുമാണ്. താരമെന്ന നിലയില്‍ ബോക്സ് ഓഫീസ് പൊട്ടന്‍ഷ്യല്‍ കൂടിയതാണ് നിര്‍മ്മാതാക്കള്‍ കൂടുതല്‍ പണം മുടക്കാന്‍ തയ്യാറാവുന്നതിന് കാരണം. കുബേരയാണ് ധനുഷിന്‍റെ ഏറ്റവും പുതിയ റിലീസ്. തെലുങ്ക് സംവിധായകന്‍ ശേഖര്‍ കമ്മൂല തമിഴിലും തെലുങ്കിലുമായി ഒരുക്കിയ ചിത്രം ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. ധനുഷ് വേറിട്ട ​ഗെറ്റപ്പില്‍ എത്തിയ ചിത്രത്തെക്കുറിച്ച് ആദ്യ ഷോകള്‍ക്കിപ്പുറം മികച്ച അഭിപ്രായങ്ങളാണ് എത്തിയത്. അദ്ദേഹത്തിന്‍റെ പ്രകടനത്തിനും സോഷ്യല്‍ മീഡിയയില്‍ ഏറെ കൈയടികള്‍ ഉണ്ടായിരുന്നു. ഈ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി കളക്ഷനില്‍ പ്രതിഫലിച്ചോ? ഇപ്പോഴിതാ ചിത്രത്തിന്‍റെ ഓപണിം​ഗ് കളക്ഷന്‍ സംബന്ധിച്ച് ആദ്യ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് അനുസരിച്ച് ചിത്രം ആദ്യ ദിനം നേടിയത് 13 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്ന് മാത്രമുള്ള നെറ്റ് കളക്ഷനാണ് ഇത്. ഇരു ഭാഷാ പതിപ്പുകളും നേടിയത് ചേര്‍ത്തുള്ള കണക്ക്. തമിഴ്, തെലുങ്ക് പ്രേക്ഷകരില്‍ നിന്ന് ഒരേപോലെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഈ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി കാരണം തന്നെ ഈ വാരാന്ത്യത്തില്‍ ചിത്രം ബോക്സ് ഓഫീസില്‍ മിന്നുമെന്ന് ഉറപ്പാണ്. നിര്‍മ്മാതാക്കള്‍ ഔദ്യോ​ഗികമായി പുറത്തുവിടുന്ന കണക്ക് അറിയാനുള്ള കാത്തിരിപ്പിലുമാണ് സിനിമാലോകം.

സുനിൽ നാരംഗ്, പുഷ്കര്‍ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിച്ചിരിക്കുന്നത് സോണാലി നാരംഗ് ആണ്. ധനുഷിനൊപ്പം തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദാനയാണ്. ജിം സർഭും ദലിപ് താഹിലും ചിത്രത്തില്‍ നിർണ്ണായക വേഷങ്ങളില്‍ ഉണ്ട്.

ദേശീയ അവാർഡ് ജേതാവാണ് ശേഖർ കമ്മൂല.ബിഗ് ബജറ്റില്‍ എത്തിയിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ആകെ ദൈർഘ്യം 181 മിനിറ്റ്. ചിത്രം കേരളത്തിൽ എത്തിച്ചിരിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. അഡ്വാൻസ് ബുക്കിംഗില്‍ത്തന്നെ ചിത്രത്തിന് മികച്ച പ്രതികരണം പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിച്ചിരുന്നു.

Asianet News Live | Israel Iran Conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Breaking News