Asianet News MalayalamAsianet News Malayalam

തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ ഓപണിംഗ്! ബോക്സ് ഓഫീസില്‍ ഇടിമുഴക്കമായി 'ലിയോ', ആദ്യദിന കളക്ഷന്‍

വമ്പന്‍ ഓപണിംഗ് റിലീസിന് മുന്‍പുതന്നെ ഉറപ്പിച്ച ചിത്രമായിരുന്നു ലിയോ

leo movie opening day worldwide box office collection biggest ever in tamil cinema thalapathy vijay lokesh kanagaraj nsn
Author
First Published Oct 20, 2023, 8:51 AM IST

പ്രീ റിലീസ് ഹൈപ്പിന്‍റെ കാര്യത്തില്‍ തെന്നിന്ത്യന്‍ സിനിമയില്‍ ഇനി വരാനിരിക്കുന്ന ചിത്രങ്ങളൊക്കെ താരതമ്യം ചെയ്യപ്പെടുക ലിയോയുമായി ആവും. അത്തരത്തിലുള്ള പ്രേക്ഷകാവേശമാണ് റിലീസിന് മുന്‍പ് ചിത്രത്തിന് ലഭിച്ചത്. ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമാവുമോ ഈ വിജയ് ചിത്രം എന്നതായിരുന്നു ഈ കാത്തിരിപ്പ് ഇത്രയും ആവേശമുള്ളതാക്കിയ ഘടകം. അതിനുള്ള ഉത്തരവും സിനിമാപ്രേമികള്‍ക്ക് ഇന്നലെ ലഭിച്ചുകഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുകയാണ്.

വമ്പന്‍ ഓപണിംഗ് റിലീസിന് മുന്‍പുതന്നെ ഉറപ്പിച്ച ചിത്രമായിരുന്നു ലിയോ. പ്രീ റിലീസ് ഹൈപ്പ് മാത്രമായിരുന്നില്ല അതിന് കാരണം, അതിലൂടെ ലഭിച്ച റെക്കോര്‍ഡ് അഡ്വാന്‍സ് ബുക്കിംഗുമാണ്. കേരളമുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ പ്രീ ബുക്കിംഗിലൂടെത്തന്നെ ഓപണിംഗ് കളക്ഷനില്‍ റെക്കോര്‍ഡ് ഇട്ടിരുന്നു ചിത്രം. ഇപ്പോഴിതാ ആദ്യദിന ആഗോള ബോക്സ് ഓഫീസ് സംബന്ധിച്ചുള്ള ആദ്യ കണക്കുകള്‍ എത്തുമ്പോള്‍ കോളിവുഡില്‍ നിന്നുള്ള ഏറ്റവും വലിയ ഓപണിംഗ് ആയിരിക്കുകയാണ് ചിത്രം. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് റിലീസ് ദിനത്തില്‍ ചിത്രം നേടിയത് 140 കോടിയാണ്! 

കോളിവുഡിലെ എക്കാലത്തെയും വലിയ ഓപണിംഗ് എന്നതിനൊപ്പം ഇന്ത്യന്‍ സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപണിംഗുമാണ് ഈ സംഖ്യ. ബോളിവുഡില്‍ നിന്നുള്ള ഈ വര്‍ഷത്തെ 1000 കോടി ഹിറ്റുകളായ ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍ പഠാനെയും ജവാനെയുംപോലും ഓപണിംഗില്‍ മറികടന്നിട്ടുണ്ട് ലിയോ. പഠാന്‍റെ ആദ്യഗിന ആഗോള ഗ്രോസ് 106 കോടിയും ജവാന്‍റേത് 129.6 കോടിയും ആയിരുന്നു. അതേസമയം 140 കോടി എന്നത് ലഭ്യമായ കണക്കാണ്. ഇതില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ട്. നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ ഔദ്യോഗികമായിത്തന്നെ കണക്കുകള്‍ പുറത്തുവിട്ടേക്കും.

ALSO READ : 'ലിയോയുടെ വരവിലും കോട്ട കാത്ത് 'പടത്തലവന്‍', ഈ വാരാന്ത്യം കൂടുതല്‍ തിയറ്ററുകളിലേക്ക് 'കണ്ണൂര്‍ സ്ക്വാഡ്'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios