Asianet News MalayalamAsianet News Malayalam

'ദളപതി' പ്രഭാവത്തില്‍ 'കിംഗ് ഖാനും' വീണു; ലിയോയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് പഠാന്‍, ജവാന്‍

തമിഴ് യുവനിരയിലെ ഏറ്റവും ആരാധകരുള്ള സംവിധായകന്‍ വിജയിയെ നായകനാക്കി ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ് ലിയോ

leo surpassed opening box office collections of shah rukh khan movies pathaan jawan lokesh kanagaraj nsn
Author
First Published Oct 20, 2023, 12:53 PM IST

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഈ വര്‍ഷത്തെ റിലീസുകളില്‍ വിജയ് ചിത്രം ലിയോയോട് പ്രീ റിലീസ് ഹൈപ്പില്‍ കിടപിടിച്ച ചിത്രങ്ങള്‍ തുലോം തുച്ഛമാണ്. ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ ആണ് മുന്‍പ് ഇത്തരത്തില്‍ ഒരു ഹൈപ്പ് റിലീസിന് മുന്‍പ് സൃഷ്ടിച്ചത്. കേരളമുള്‍പ്പെടെയുള്ള പല മാര്‍ക്കറ്റുകളിലും അഡ്വാന്‍ഡ് ബുക്കിംഗിലൂടെത്തന്നെ ചിത്രം ഓപണിംഗ് കളക്ഷന്‍ റെക്കോര്‍ഡ് നേടിയിരുന്നു. പ്രതീക്ഷിച്ചിരുന്നതുപോലെ ആഗോള ഓപണിംഗ് ബോക്സ് ഓഫീസിലും ചിത്രം അത്ഭുതം കാട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആദ്യ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ലിയോ നേടിയ റിലീസ് ദിന ആഗോള ഗ്രോസ് 140 കോടിക്ക് മുകളിലാണ്. ഒരു കോളിവുഡ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപണിംഗ് ആണ് ഇത്. എന്നു മാത്രമല്ല, ഈ വര്‍ഷത്തെ ഇന്ത്യന്‍ റിലീസുകളില്‍ തന്നെ ഏറ്റവും മികച്ച ഓപണിംഗുമാണ് ഇത്. ഷാരൂഖ് ഖാന്‍റെ 1000 കോടി വിജയങ്ങളായ പഠാനും ജവാനും ആദ്യദിനം നേടിയ കളക്ഷനേക്കാള്‍ മുകളിലാണ് ലിയോ നേടിയിരിക്കുന്നത്. 106 കോടി ആയിരുന്നു പഠാന്‍റെ ആദ്യദിന ആഗോള ഗ്രോസ്. ജവാന്‍ നേടിയത് 129.6 കോടിയും. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്കുകള്‍ തന്നെയാണ് ഇത്. അതേസമയം ലിയോയുടെ ഒഫിഷ്യല്‍ കണക്കുകള്‍ ഇനിയും എത്തിയിട്ടില്ല. നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ വൈകുന്നേരത്തോടെ അത് പുറത്തുവിട്ടേക്കും.

തമിഴ് യുവനിരയിലെ ഏറ്റവും ആരാധകരുള്ള സംവിധായകന്‍ വിജയിയെ നായകനാക്കി ഒരുക്കിയ രണ്ടാമത്തെ ചിത്രമാണ് ലിയോ. നേരത്തെ മാസ്റ്ററിലാണ് ഇരുവരും ഒന്നിച്ചത്. വിക്രത്തിന് ശേഷം എത്തുന്ന ലോകേഷ് ചിത്രമായ ലിയോ അദ്ദേഹത്തിന്‍റെ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായിരിക്കുമോ എന്നതും വന്‍ പ്രീ റിലീസ് ഹൈപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച ഘടകമാണ്.

ALSO READ : ബോളിവുഡ് ചിത്രം ഗണപതിന് രജനിയുടെ വിജയാശംസ, 'കോഡ് വേഡ്' മനസിലായെന്ന് കമന്‍റുകള്‍, വിമര്‍ശനവുമായി വിജയ് ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios