കല്യാണി പ്രിയദർശൻ നായികയായ സൂപ്പർഹീറോ ചിത്രം 'ലോക ചാപ്റ്റർ 1: ചന്ദ്ര' ബോക്സ് ഓഫീസിൽ വൻ വിജയമായി മുന്നേറുകയാണ്. നിലവിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമായ 'എമ്പുരാന്‍റെ' റെക്കോർഡ് തകർക്കാൻ ഒരുങ്ങുകയാണ് ലോക.

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ അപൂര്‍വ്വതകളുള്ള ചിത്രമാണ് ലോക ചാപ്റ്റര്‍ 1 ചന്ദ്ര. നായികാ പ്രാധാന്യമുള്ള ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വമാണ് എന്നതാണ് പ്രധാന കാര്യം. അതുപോലെതന്നെ സൂപ്പര്‍ഹീറോ ചിത്രങ്ങളും. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയായ ലോകയുടെ ആദ്യ അധ്യായമാണ് ചന്ദ്ര. വേഫെറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച്, ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് ടൈറ്റില്‍ റോളില്‍ എത്തിയത്. ഓണം റിലീസ് ആയി ഓഗസ്റ്റ് 28 ന് എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ അത്ഭുതയാത്ര തുടരുകയാണ്.

വലിയ പ്രീ റിലീസ് പബ്ലിസിറ്റി കൂടാതെയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയതെങ്കിലും ആദ്യ ഷോകള്‍ക്കിപ്പുറം ലഭിച്ച വമ്പന്‍ മൗത്ത് പബ്ലിസിറ്റിയില്‍ ചിത്രം ബോക്സ് ഓഫീസിലെ കുതിപ്പ് തുടങ്ങി. അത് നാലാം വാരത്തിലേക്ക് കടക്കുമ്പോഴും തുടരുകയാണ്. റെക്കോര്‍ഡുകള്‍ പലത് ഇതിനകം നേടിയ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു നിര്‍ണായക റെക്കോര്‍ഡിന് അടുത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. മോളിവുഡിന്‍റെ ചരിത്രത്തില്‍ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോര്‍ഡ് ആണ് ലോക കൈപ്പിടിയിലാക്കാന്‍ ഒരുങ്ങുന്നത്.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍റെ പേരിലാണ് നിലവില്‍ ഈ റെക്കോര്‍ഡ്. എന്നാല്‍ ഇന്നോ നാളെയോ എമ്പുരാനെ മറികടന്ന് ലോക ഈ നേട്ടത്തിലേക്ക് എത്തും. ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് എമ്പുരാന്‍റെ ആഗോള ലൈഫ് ടൈം ഗ്രോസ് 265.50 കോടി ആയിരുന്നു. ഇന്നലെ വരെയുള്ള കണക്കുകള്‍ (21 ദിവസങ്ങള്‍) അനുസരിച്ച് ലോക നേടിയിരിക്കുന്നത് 258.05 കോടിയാണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ ലൈവ് ട്രാക്കിംഗ് പ്രകാരം ലോക ഇതിനകം നേടിയിട്ടുള്ളത് 260 കോടിയാണ്. അതായത് 6 കോടിയുടെ അകലത്തിലാണ് ലോകയുടെ ആ സുപ്രധാന റെക്കോര്‍ഡ് നേട്ടം.

മലയാള സിനിമയെ സംബന്ധിച്ചും ഏറെ അഭിമാനകരമാണ് ഇത്. ഒരു സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗം, അതും കേന്ദ്ര കഥാപാത്രമായി നായിക വരുന്ന ചിത്രത്തിനാണ് ഈ നേട്ടം എന്നത് രാജ്യമൊട്ടുക്കുമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കുമിടയില്‍ ചര്‍ച്ച ആയിട്ടുണ്ട്. ചിത്രം 300 കോടി ക്ലബ്ബില്‍ എത്തുന്ന ആദ്യ മലയാള ചിത്രം ആവുമോ എന്നതാണ് മറ്റൊരു കാത്തിരിപ്പ്. അത് സംഭവിച്ചാലും അത്ഭുതപ്പെടാനില്ല.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming