ഓണം റിലീസായി തിയേറ്ററുകളിലെത്തി മികച്ച പ്രതികരണം നേടുകയാണ് നിവിൻ പോളി ചിത്രം  'ലൗ ആക്ഷന്‍ ഡ്രാമ'. നയൻതാര നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ധ്യാൻ ശ്രീനിവാസനാണ്. റിലീസ് ചെയ്ത് ആദ്യത്തെ 11 ദിവസവും എല്ലാം തിയേറ്ററുകളിലും ഹൗസ് ഫുൾ ഷോ കളിച്ച  ചിത്രം കേരളത്തിനകത്തും പുറത്തും റെക്കോഡ് കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്.


ശ്രീനിവാസനും പാർവ്വതിയും അഭിനയിച്ച 'വടക്കുനോക്കി യന്ത്രം' എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് ലൗ ആക്ഷന്‍ ഡ്രാമയിലെ കഥാപാത്രങ്ങൾക്ക് ധ്യാൻ നൽകിയിരിക്കുന്നത്. ദിനേശൻ ആയി നിവിൻ പോളി എത്തുമ്പോൾ ശോഭയായാണ് നയൻതാര എത്തുന്നത്. ധ്യാൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജു വര്‍ഗീസും വിശാഖ് സുബ്രഹമണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീനിവാസൻ, അജു വർഗീസ്, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി എന്നിവരും ചിത്രത്തിലുണ്ട്.