ജുനൈദ് ഖാനും ഖുഷി കപൂറും അഭിനയിച്ച ലൗയാപ് ബോക്സോഫീസില്‍ വന്‍ ദുരന്തമായി. എട്ട് ദിവസത്തില്‍ 8.68 കോടി രൂപ മാത്രമാണ് ചിത്രം കളക്ഷൻ നേടിയത്, 60 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്.

മുംബൈ: അദ്വൈത് ചന്ദന്‍റെ സംവിധാനത്തില്‍ ജുനൈദ് ഖാനും ഖുഷി കപൂറും അഭിനയിച്ച ലൗയാപ് ഒരാഴ്ച മുന്‍പാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. തമിഴ് ഹിറ്റ് ചിത്രമായ ലവ് ടുഡേയുടെ റീമേക്കാണ് ചിത്രം. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ വന്‍ ദുരന്തമായി മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ എല്ലാം സൂചിപ്പിക്കുന്നത്. 

കളക്ഷന്‍ ട്രാക്കറായ സാക്നിൽക്.കോം കണക്കുകള്‍ പറയുന്നതനുസരിച്ച്, പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായ ലവ് ടുഡേയുടെ ഹിന്ദി റീമേക്കായ ചിത്രം ആഗോള ബോക്സോഫീസില്‍ എട്ട് ദിവസത്തില്‍ ഏകദേശം 8.68 കോടി രൂപ മാത്രമാണ് കളക്ഷൻ നേടിയിരിക്കുന്നത്. 60 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് വിവരം. അത് വച്ച് നോക്കുമ്പോള്‍ ബോക്സോഫീസ് ദുരന്തമാണ് ചിത്രം എന്ന് പറയാം. 

പ്രണയദിനത്തിന് അനുബന്ധിച്ച് റിലീസ് ചെയ്ത ചിത്രം ഫെബ്രുവരി 14 നേടിയ കളക്ഷന്‍ ഞെട്ടിക്കുന്നതാണ്. വെറും 16 ലക്ഷം. അതായത് ലൗ പ്രമേയമാക്കിയ ചിത്രത്തിന് ഈ കളക്ഷന്‍ ലഭിച്ചത് ചിത്രത്തിന്‍റെ അണിയറക്കാരെ ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ റിലീസായ ദിവസം മുതല്‍ കാര്യമായ ഒരു പുരോഗതിയും കളക്ഷനില്‍ കാണിക്കാത്ത ചിത്രത്തിന്‍റെ കളക്ഷന്‍ അപ്രതീക്ഷിതമല്ലെന്നാണ് ട്രാക്കര്‍മാരുടെ അഭിപ്രായം. 

ആമിര്‍ ഖാന്‍റെ മകനും, ശ്രീദേവിയുടെ രണ്ടാമത്തെ മകളും അഭിനയിച്ച ചിത്രം എന്ന കൗതുകവുമായി വന്ന ചിത്രം എന്നാല്‍ റീമേക്ക് എന്ന ടാഗ് വന്നതോടെ വലിയ തോതില്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് സിനിമ വ‍ൃത്തങ്ങള്‍ പറയുന്നത്. ഇത്തരത്തിലാണ് കളക്ഷനെങ്കില്‍ ചിത്രം 10 കോടി പോലും ബോക്സോഫീസില്‍ കടക്കില്ലെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകൂട്ടല്‍. 

മഹാരാജ് എന്ന നെറ്റ്ഫ്ലിക്സില്‍ ഇറങ്ങിയ അരങ്ങേറ്റ ചിത്രത്തിന് ശേഷം ജുനൈദ് ഖാന്‍റെ ആദ്യത്തെ തീയറ്റര്‍ റിലീസാണ് ചിത്രം. ആര്‍ച്ചേര്‍സ് എന്ന നെറ്റ്ഫ്ലിക്സ് സീരിസിന് ശേഷം അന്തരിച്ച നടി ശ്രീദേവിയുടെയും ബോണി കപൂറിന്‍റെയും രണ്ടാമത്തെ മകളായ ഖുഷിയുടെ ആദ്യ ചിത്രമാണ് ലൗയാപ്. 

'മോളെ പൊന്നുപോലെ നോക്കണമെന്ന് അച്ഛൻ പറഞ്ഞു'; രഹസ്യമാക്കിയ രജിസ്റ്റർ വിവാഹത്തെക്കുറിച്ച് സൽമാനുളും മേഘയും

ഭർത്താവിനൊപ്പം സന്തോഷവതിയായി മീര വാസുദേവ്; പരിഹസിച്ചവർക്ക് മറുപടി