'മോളെ പൊന്നുപോലെ നോക്കണമെന്ന് അച്ഛൻ പറഞ്ഞു'; രഹസ്യമാക്കിയ രജിസ്റ്റർ വിവാഹത്തെക്കുറിച്ച് സൽമാനുളും മേഘയും
മിഴിരണ്ടിലും എന്ന പരമ്പരയിലെ താരങ്ങളായ സൽമാനുൾ ഫാരിസും മേഘ മഹേഷും രഹസ്യമായി വിവാഹിതരായി.

കൊച്ചി: മിഴിരണ്ടിലും എന്ന ടെലിവിഷൻ പരമ്പരയിലെ നായികാ നായകന്മാരായി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരങ്ങളാണ് സല്‍മാനുൾ ഫാരിസും മേഘ മഹേഷും. അടുത്തിടെയാണ് തങ്ങളുടെ രജിസ്റ്റർ വിവാഹം കഴിഞ്ഞ വിവരം സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും അറിയിച്ചത്.
ഇരുവീടുകളിൽ നിന്നും എതിർപ്പുകൾ ഉണ്ടായിരുന്നതിനാൽ തന്നെ വളരെ രഹസ്യമായിട്ടായിരുന്നു വിവാഹം. ഇപ്പോളിതാ പ്രണയവിവാഹത്തെ കുറിച്ചും വീട്ടുകാരുടെ എതിര്‍പ്പിനെ പറ്റിയും വിവാഹദിവസം ഒട്ടും പ്രതീക്ഷിക്കാതെ മേഘയുടെ അച്ഛൻ രജിസ്ട്രാർ ഓഫീസിൽ എത്തിയതിനെപ്പറ്റിയുമൊക്കെ സംസാരിക്കുകയാണ് ഇരുവരും. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
''ഞങ്ങളുടെ രജിസ്റ്റര്‍ വിവാഹത്തിന്റെ വീഡിയോ കണ്ടാല്‍ തന്നെ അറിയാം, രണ്ട് വീട്ടുകാരും പങ്കെടുത്തിട്ടില്ലെന്ന്. ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ വിവാഹത്തിന്റെ അന്ന് മേഘയുടെ അച്ഛന്‍ അവിടെ വന്നു. അച്ഛനെ കണ്ടതോടെ പുള്ളിക്കാരി ഞെട്ടി. ഫോട്ടോസ് എടുക്കുമ്പോള്‍ ആണ് പ്രതീക്ഷിക്കാതെ അച്ഛന്‍ കയറി വന്നത്.
എന്തായാലും ഇത്രയൊക്കെ ആയില്ലേ നിങ്ങള്‍ സന്തോഷത്തോടെ ജീവിക്കൂ എന്ന് പറഞ്ഞ് രണ്ടാളെയും അനുഗ്രഹിച്ചു. കൂടെ നിന്ന് ഫോട്ടോയും എടുത്തു. അച്ഛന്‍ വളരെ കൂളായിരുന്നു. മോളെ പൊന്നുപോലെ നോക്കണം എന്നൊക്കെ എന്നോട് പറഞ്ഞു. എന്റെ വീട്ടില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. പക്ഷേ ഇന്ന് ഉമ്മച്ചി വിളിച്ച് സംസാരിച്ചു. ഇപ്പോള്‍ എല്ലാം നന്നായി വരുന്നുണ്ട്'', സല്‍മാനുൾ പറഞ്ഞു.
മിഴിരണ്ടിലും എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വച്ചാണ് സല്‍മാനുളും മേഘയും കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതുമെല്ലാം. സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടി എന്ന രീതിയിൽ മാത്രമേ മേഘയെ കണ്ടിരുന്നുള്ളൂ എന്നും സല്‍മാനുൾ പറഞ്ഞിരുന്നു. ആദ്യം ജാഡക്കാരനാണെന്ന് തോന്നിയെങ്കിലും, അടുത്തറിഞ്ഞപ്പോള്‍ സല്‍മാനുളിന്റെ സ്വഭാവം മേഘയെ ആകർഷിച്ചു.
ഇഷ്ടം തോന്നിയപ്പോള്‍ അത് തുറന്ന് പറയുകയും ചെയ്തു. കൊച്ചു കുട്ടിയുടെ തോന്നാലായാണ് സല്‍മാനുൾ അതെടുത്തത് എന്നും മേഘ പറഞ്ഞിരുന്നു. മേഘക്ക് പതിനെട്ട് വയസ് പൂര്‍ത്തിയായ ദിവസമാണ് സല്‍മാനുളിനെ പ്രപ്പോസ് ചെയ്തത്. ''ഒട്ടും സീരിയസ് അല്ലായിരിക്കും, നിന്റെ തോന്നലാണ്, പ്രായത്തിന്റെ പ്രശ്‌നമാണ്, പഠനത്തില്‍ ശ്രദ്ധിക്കൂ'' എന്നായിരുന്നു സല്‍മാനുൾ മറുപടി നൽകിയത്. ''എനിക്ക് എന്റെ പ്രണയത്തില്‍ വിശ്വാസമുണ്ടായിരുന്നു. രണ്ടര വര്‍ഷം കാത്തിരുന്നു, അവസാനം അത് സംഭവിച്ചു'', എന്നും മേഘ പറഞ്ഞിരുന്നു.
'വാ തുറന്നാൽ പ്രശ്നമാണ്': യൂട്യൂബർ രൺവീർ വിവാദത്തില്‍ എആര്‍ റഹ്മാന്‍
