ബോക്സ് ഓഫീസില്‍ ചിമ്പുവിന്‍റെ തിരിച്ചുവരവ് ചിത്രം

കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം ഒന്നിനുപിന്നാലെ ഒന്നെന്ന തരത്തില്‍ വലിയ ജനപ്രീതി നേടുന്ന ചിത്രങ്ങള്‍ എത്തുന്നതിന്‍റെ ആഹ്ളാദത്തിലാണ് കോളിവുഡ്. തിയറ്ററുകള്‍ തുറന്നതിനു ശേഷം തിയറ്ററുകളിലെ ആദ്യ തമിഴ് ഹിറ്റ് ശിവകാര്‍ത്തികേയന്‍ നായകനായ 'ഡോക്ടര്‍' ആയിരുന്നു. പിന്നാലെ എത്തിയ രജനി ചിത്രം അണ്ണാത്തെ വലിയ അഭിപ്രായം നേടിയില്ലെങ്കിലും ഒരു രജനി ചിത്രത്തിന് ലഭിക്കാറുള്ള ഭേദപ്പെട്ട കളക്ഷന്‍ ലഭിച്ചു. ഇപ്പോഴിതാ മറ്റൊരു ചിത്രം വന്‍ അഭിപ്രായവും മികച്ച ഇനിഷ്യലുമായി തിയറ്ററുകളില്‍ തുടരുകയാണ്. ചിലമ്പരശനെ (Silambarasan TR) നായകനാക്കി വെങ്കട് പ്രഭു (Venkat Prabhu) സംവിധാനം ചെയ്‍ത് ഈ വാരം തിയറ്ററുകളിലെത്തിയ മാനാട് (Maanaadu) ആണ് ആ ചിത്രം.

തമിഴ്നാട്ടില്‍ ഡോക്ടറിനു ശേഷം ഇത്രയും പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയ മറ്റൊരു ചിത്രമില്ല. വെങ്കട് പ്രഭവും ചിമ്പുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഈ വ്യാഴാഴ്ചയാണ് (25) തിയറ്ററുകളിലെത്തിയത്. എസ്‍ടിആറിന്‍റെ തിരിച്ചുവരവ് ചിത്രമെന്ന് ആരാധകര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു എന്നതിന്‍റെ തെളിവായിരുന്നു പുലര്‍ച്ചെ പല പ്രധാന സെന്‍ററുകളിലും നടന്ന ഫാന്‍സ് ഷോകള്‍ക്കുണ്ടായ തിരക്ക്. രജനീകാന്ത്, അജിത്ത്, വിജയ് ചിത്രങ്ങളുടെ ഫാന്‍സ് ഷോകളെ അനുസ്‍മരിപ്പിക്കുന്ന തരത്തിലാണ് മാനാടിന്‍റെ ഫാന്‍സ് ഷോ നടന്നത്. ആദ്യദിന കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയപ്പോള്‍ ചിത്രം 8.5 കോടിയാണ് നേടിയത്. ഇപ്പോഴിതാ ആദ്യ രണ്ട് ദിവസത്തെ കളക്ഷനും പുറത്തെത്തിയിരിക്കുകയാണ്. രണ്ടാം ദിനം 5.5 കോടിയാണ് നേടിയതെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. അതായത് ആദ്യ രണ്ട് ദിവസത്തില്‍ 15 കോടി! ചിമ്പുവിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് കളക്ഷനാണ് ഇത്.

Scroll to load tweet…

ആരാധകര്‍ പ്രതീക്ഷിച്ചിരുന്നതുപോലെ ബോക്സ് ഓഫീസില്‍ ചിമ്പുവിന്‍റെ തിരിച്ചുവരവ് ചിത്രമായിരിക്കുകയാണ് മാനാട്. വ്യാഴാഴ്ച റിലീസ് ചെയ്‍ത ചിത്രമായതിനാല്‍ നാല് ദിവസത്തെ വാരാന്ത്യമാണ് ലഭിക്കുന്നത്. ഇത് മികച്ച നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. ചിമ്പുവിന്‍റെ അബ്‍ദുള്‍ ഖാലിഖ് എന്ന കഥാപാത്രവും എസ് ജെ സൂര്യ അവതരിപ്പിക്കുന്ന ഡിസിപി ധനുഷ്‍കോടി എന്ന കഥാപാത്രവും തമ്മിലുള്ള മത്സരമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ടൈം ലൂപ്പ് പരീക്ഷിക്കുന്ന ചിത്രവുമാണിത്. കല്യാണി പ്രിയദര്‍ശന്‍ ആണ് നായിക. വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് നിര്‍മ്മാണം. ചിത്രം കണ്ട് രജനീകാന്ത് ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദനവുമായി എത്തിയിരുന്നു.