സുധീഷ് ശങ്കര്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍
തമിഴ് സിനിമയില്‍ ഫഹദ് ഫാസിലിന്‍റെ തെരഞ്ഞെടുപ്പുകള്‍ നോക്കിയാല്‍ അവ ഒന്നിനൊന്ന് വ്യത്യസ്തമാണെന്ന് കാണാം. ആ നിരയിലെ ഏറ്റവും ഒടുവിലത്തെ ചിത്രമാണ് മാരീസന്‍. ഫഹദിനൊപ്പം വടിവേലുവും ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുധീഷ് ശങ്കര്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. റോഡ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിന്‍റെ റിലീസ് ഈ വെള്ളിയാഴ്ച (25) ആയിരുന്നു. ചിത്രത്തിന്റെ ഓപണിംഗ് കളക്ഷന്‍ സംബന്ധിച്ച് നേരത്തെ കണക്കുകള്‍ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ശനിയാഴ്ചത്തെ കളക്ഷന്‍ കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് അനുസരിച്ച് ആദ്യ ദിനം ചിത്രം നേടിയത് 75 ലക്ഷമായിരുന്നു. രണ്ടാം ദിനം ഇത് 1.11 കോടിയായും വര്‍ധിച്ചു. അങ്ങനെ ആദ്യ രണ്ട് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 1.86 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്നുള്ള നെറ്റ് കളക്ഷനാണ് ഇത്. റിലീസ് ദിനം ആദ്യ ഷോ മുതല്‍ ചിത്രത്തിന് വളരെ പോസിറ്റീവ് ആയ അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഇത് ഞായറാഴ്ചത്തെ കളക്ഷനിലും പ്രതിഫലിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
സൂപ്പർ ഗുഡ് ഫിലിംസിൻ്റെ ബാനറിൽ ആർ ബി ചൗധരി നിർമ്മിച്ച ഈ ചിത്രം നിര്‍മ്മാണ കമ്പനിയുടെ 98-ാമത് സംരംഭമാണ്. 2023 ല്‍ പുറത്തെത്തിയ വലിയ പ്രേക്ഷകശ്രദ്ധ നേടിയ മാമന്നന് ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒന്നിക്കുന്ന ചിത്രമാണ് മാരീചന്‍. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ കൂടിയായ വി കൃഷ്ണമൂർത്തിയാണ് കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത്. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി എൽ തേനപ്പൻ, ലിവിംഗ്സ്റ്റൺ, രേണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ് എന്നിവരുൾപ്പെടെ ശ്രദ്ധേയമായ ഒരു കൂട്ടം അഭിനേതാക്കളാണ് ഈ ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ ദൃശ്യങ്ങൾ കലൈശെൽവൻ ശിവാജി പകർത്തിയിരിക്കുന്നു, സംഗീതസംവിധാനം യുവൻ ശങ്കർ രാജയാണ്. എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ്, കലാസംവിധാനം മഹേന്ദ്രൻ. എ പി ഇന്റർനാഷണൽ ആണ് ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്.

