മഞ്ഞുമ്മല്‍ ബോയ്‍സാണ് ലാഭമുണ്ടാക്കിയതെന്ന് തമിഴ്‍നാട്ടിലെ തിയറ്റര്‍ ഉടമ.

മലയാളത്തിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമായി മാറിയിരുന്നു ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സ്. മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ 200 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. മഞ്ഞുമ്മല്‍ ബോയ്‍സ് തമിഴ്‍നാട്ടില്‍ 60 കോടി രൂപയിലധികം നേരത്തെ നേടിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. മാത്രവുമല്ല മാര്‍ച്ച് മാസത്തില്‍ തമിഴ്‍നാട്ടിലെ തിയറ്ററുകള്‍ക്ക് കൂടുതല്‍ ലാഭം നേടിക്കൊടുത്തതും ചിദംബരത്തിന്റെ സിനിമയായ മഞ്ഞുമ്മല്‍ ബോയ്‍സാണ് എന്നാണ് റിപ്പോര്‍ട്ട്.

മഞ്ഞുമ്മല്‍ ബോയ്‍സിന്റെ നേട്ടം വെട്രി തിയറ്റര്‍ ഉടമ രാകേഷ് ഗൌതമനാണ് പുറത്തുവിട്ടത്. പൊതുവെ വരണ്ട മാര്‍ച്ചിലും തമിഴ്‍നാട് തിയറ്ററുകളെ ലാഭത്തിലാക്കിയത് മഞ്ഞുമ്മല്‍ ബോയ്‍സെന്ന ഒരു സിനിമ മാത്രമാണെന്ന് രാകേഷ് ഗൌതമൻ വ്യക്തമാക്കുന്നു. 75 ശതമാനം ലാഭ വിഹിതവും ചിത്രമാണ് നല്‍കിയിരിക്കുന്നത്. തമിഴകത്ത് മാര്‍ച്ചില്‍ മുന്നിലുള്ള നാല് സിനിമകളില്‍ കോളിവുഡില്‍ നിന്നില്ല എന്ന നിരാശയും തിയറ്റര്‍ ഉടമയായ രാകേഷ് ഗൌതം വ്യക്തമാക്കുന്നു.

യുകെയിലും അയര്‍ലാൻഡിലും 2018ന്റെ ആകെ കളക്ഷൻ മഞ്ഞുമ്മല്‍ ബോയ്‍സ് മറികടന്നത് എന്നും സിനിമാ ട്രേഡ് അനലസിറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. 2018 യുകെയില്‍ ആകെ 7.89 കോടി രൂപയായിരുന്ന നേടിയത്. മഞ്ഞുമ്മല്‍ ബോയ്‍സാകട്ടേ യുകെയില്‍ 7.90 കോടി രൂപയിലധികം നേരത്തെ നേടിയിട്ടുണ്ട്. കേരളത്തിലും മിഡില്‍ ഈസ്റ്റിലുമൊഴികെയുള്ളിടങ്ങളില്‍ മലയാളത്തിന്റെ കളക്ഷനില്‍ നിലവില്‍ ഒന്നാമത് മഞ്ഞുമ്മല്‍ ബോയ്‍സ് ആണ് എന്നും റിപ്പോര്‍ട്ടുണ്ട്.

കലര്‍പ്പില്ലാതെ അനുഭവങ്ങള്‍ പകര്‍ത്താനാണ് ചിദംബരം ചിത്രത്തില്‍ ശ്രമിച്ചിട്ടുള്ളത് എന്ന് മഞ്ഞുമ്മല്‍ ബോയ്‍സ് കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാസ്റ്റിംഗ് നടത്തിയിരിക്കുന്നത് നടൻ ഗണപതിയാണ്. സംഗീതം സുഷിൻ ശ്യാമാണ്.

Read More: ഇത് അമ്പരപ്പിക്കുന്ന കുതിപ്പ്, നാല് ദിവസത്തില്‍ ആടുജീവിതം ആ റെക്കോര്‍ഡ് നേട്ടത്തില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക