നേരത്തെ ഒടിടിയിൽ റിലീസ് ചെയ്ത മോഹൻലാലിന്റെ ദൃശ്യം 2, ആദ്യമായി തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. എന്നാൽ, ചിത്രത്തിന് തണുപ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. പലയിടത്തും ടിക്കറ്റ് വിൽപ്പന കുറവാണ്.

ലയാള സിനിമയിലെ ജനപ്രിയ ക്രൈം ത്രില്ലർ ചിത്രം, അതാണ് ദൃശ്യം ഫ്രാഞ്ചൈസികൾ. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിന്റെ മൂന്നാം ഭാ​ഗം തിയറ്ററിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി ദൃശ്യം 2 കഴിഞ്ഞ ദിവസം ആദ്യമായി തിയറ്ററിൽ റിലീസ് ചെയ്തിരുന്നു. നേരത്തെ ഡയറക്ട് ഒടിടി റിലീസ് ആയിട്ടായിരുന്നു സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. എന്നിരുന്നാലും വലിയ സ്വീകാര്യത നേടാൻ ചിത്രത്തിന് സാധിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ഏപ്രിൽ 10ന് ആയിരുന്നു ദൃശ്യം 2ന്റെ തിയറ്റർ റിലീസ്. എന്നാൽ വേണ്ടത്ര സ്വീകാര്യത ലഭിച്ചോ എന്ന കാര്യത്തിൽ സംശയമാണ്. ബുക്ക് മൈ ഷോ നോക്കിക്കഴിഞ്ഞാൽ ഒരു തണുപ്പൻ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചില തിയറ്ററുകളിൽ ഭേ​ദപ്പെട്ട ബുക്കിം​ഗ് ഉണ്ടെങ്കിൽ വേറെ ചിലയിടത്ത് നാലും അഞ്ചും ടിക്കറ്റുകൾ മാത്രമാണ് വിറ്റുപോയിരിക്കുന്നത്. തിരുവനന്തപുരം കൈരളി തിയറ്ററിൽ അത്യാവശ്യം ബുക്കിം​ഗ് നടന്നിട്ടുണ്ട്. 

ഉച്ചയ്ക്ക് ശേഷമാണ് ഭൂരിഭാ​ഗം ഷോകളും നടക്കുന്നത്. ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയിടങ്ങളിലും ദൃശ്യം 2ന്‍റെ ഒന്നും രണ്ടും ഷോകള്‍ വീതം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. അതേസമയം, 2.5 ലക്ഷം രൂപയാണ് ചിത്രം ആദ്യദിനം നേടിയിരിക്കുന്നതെന്ന് സൗത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 90 ഷോകളും നടന്നിട്ടുണ്ടെന്നാണ് വിവരം. 

വാഴ 2, മോഹിനിയാട്ടം തുടങ്ങിയ സിനിമകൾ ആണ് നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന പുതിയ പടങ്ങള്‍. ഏപ്രിൽ 2ന് റിലീസ് ചെയ്ത വാഴ 2 പ്രേക്ഷക സ്വീകാര്യതയേറെ നേടി 100 കോടിയും പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. സൈജു കുറുപ്പിന്റെ മോഹിനിയാട്ടവും ദൃശ്യം 2വും ഒരുമിച്ച് ഇന്നലെ റിലീസ് ചെയ്തു. മോഹിനിയാട്ടത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ പുത്തൻ റിലീസുകൾ ദൃശ്യം 2ന് അടിയായെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വരുന്നുണ്ട്. ദൃശ്യം 2 പലയാവർത്തി കണ്ടതാണെങ്കിലും തിയറ്റർ എക്സ്പീരിയൻസ് ചെയ്യാൻ ആ​ഗ്രഹിക്കുന്നവർ സിനിമ കാണുന്നുണ്ടെന്നും പോസ്റ്റുകളിൽ നിന്നും വ്യക്തമാണ്.

2021 ഫെബ്രുവരി 19ന് ആയിരുന്നു ദൃശ്യം 2 ഒടിടി റിലീസ് ചെയ്തത്. ആമസോൺ പ്രൈമിന് ആയിരുന്നു സ്ട്രീമിം​ഗ് അവകാശം. ഒടിടി റിലീസിന് ശേഷം തിയറ്ററില്‍ റിലീസ് ചെയ്യുന്ന ആദ്യ തെന്നിന്ത്യന്‍ ചിത്രം കൂടിയാണ് ദൃശ്യം 2. അതേസമയം, ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രം മെയ് 21നും തിയറ്ററുകളിൽ എത്തും. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീർവാദ് സിനിമാസ് ആണ് നിർമ്മാണം. ‌

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming