മോഹൻലാല്‍ നായകനായ നേര് മൂന്ന് ദിവസത്തില്‍ നേടിയത്.

അത്ഭുതപ്പെടുത്തുന്ന കുതിപ്പാണ് നേരിന്റേത്. കേരള ബോക്സ് ഓഫീസില്‍ മോഹൻലാല്‍ ചിത്രം പല റെക്കോര്‍ഡുകളും മറികടക്കും എന്ന് ഉറപ്പായിരിക്കുന്നു. ശനിയാഴ്‍ച റിലീസിനേക്കാളും കൂടുതലാണ് ചിത്രത്തിന്റെ കളക്ഷൻ എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ശനിയാഴ്‍ച നേര് നേടിയത് 3.12 കോടി രൂപയാണ് എന്ന് സൗത്ത്‍വുഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

റിലീസിന് നേര് നേടിയത് 3.04 കോടി രൂപയാണ്. വെള്ളിയാഴ്‍ച നേരിന് നേടാനായത് 2.13 കോടി രൂപയാണ്. ശനിയാഴ്‍ച വീണ്ടും കുതിച്ചപ്പോള്‍ 8.29 കോടി രൂപ എന്ന നേട്ടത്തില്‍ എത്തിയിരിക്കുകയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. കേരള ബോക്സ് ഓഫീസില്‍ മോഹൻലാല്‍ ചിത്രം കുതിക്കുന്ന വീണ്ടും കാണാനായതിന്റെ സന്തോഷത്തിലാണ് നടന്റെ ആരാധകര്‍.

അടുത്തകാലത്ത് പരാജയങ്ങള്‍ നേരിട്ട് വിമര്‍ശിക്കപ്പെട്ട താരമായിരുന്നു മോഹൻലാല്‍. പരാജയങ്ങളെല്ലാം മറികടന്ന ഒരു വൻ തിരിച്ചുവരവ് നടത്തുന്ന മോഹൻലാലിനെയാണ് നേരില്‍ കാണാനാകുന്നത്. നടനെന്ന നിലയില്‍ മോഹൻലാലിനെ അടയാളപ്പെടുത്തുന്ന രംഗങ്ങളും നേരിന്റെ പ്രത്യേകതയാണ് എന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. അയത്ന ലളിതമായ പ്രകടനമങ്ങളുമായി വീണ്ടും താരം വിസ്‍മയിപ്പിക്കുന്നു എന്ന് നേര് കണ്ട പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു.

ഒരു കോര്‍ട്ട് റൂം ഡ്രാമയായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയതെങ്കിലും വിരസമാകാതെ ആകാംക്ഷ നിലനിര്‍ത്തി കഥ പറയാൻ സംവിധായകൻ എന്ന നിലയില്‍ ജീത്തു ജോസഫിന് സാധിച്ചിട്ടുണ്ട്. ജീത്തു ജോസഫിനൊപ്പം ശാന്തി മായാദേവിയും തിരക്കഥയില്‍ പങ്കാളിയായിരിക്കും. റിയലിസ്റ്റിക്കായി നേരിനെ അവതരപ്പിക്കാൻ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കള്‍ക്ക് സാധിച്ചു എന്നതും പ്രത്യേകതയാണ്. കോടതിയിലെ പെരുമാറ്റങ്ങളെല്ലാം സ്വാഭാവികമായി മാറ്റാൻ തനിക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി സഹായിച്ചത് യഥാര്‍ഥ ജീവിതത്തിലും അഭിഭാഷകയായ ശാന്തി മായാദാവി ആണെന്ന് നേരത്തെ മോഹൻലാല്‍ തന്നെ വ്യക്തമാക്കിയിരുന്നു.

Read More: കേരളത്തില്‍ ഒന്നാമത് ആ സൂപ്പര്‍താരം, ആദ്യ പത്തില്‍ സലാറില്ല, മൂന്നാമൻ മോഹൻലാല്‍, ഒമ്പതാമനായി രജനികാന്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക