1995 ലാണ് ഇരുവരുടെയും ചിത്രങ്ങള്‍ അവസാനമായി ഒരുമിച്ച് എത്തിയത്

ഏത് ഭാഷാ ചലച്ചിത്ര വ്യവസായത്തിലും സൂപ്പര്‍താര ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ ഇന്ന് സോളോ റിലീസ് ആണ് ആഗ്രഹിക്കുന്നത്. ഫെസ്റ്റിവല്‍ സീസണുകള്‍ ഒഴികെ അത് മിക്കപ്പോഴും അവര്‍ നടത്തിയെടുക്കാറുമുണ്ട്. വൈഡ് റിലീസും ഇന്‍റര്‍നെറ്റ് സാന്ദ്രതയും യുട്യൂബ് റിവ്യൂകളുമൊക്കെയുള്ള കാലത്ത് ഏറ്റവും മികച്ച ഇനിഷ്യല്‍ നേടുകതന്നെ ഇതിന് പിന്നിലുള്ള ലക്ഷ്യം. ഇപ്പോഴിതാ തമിഴ് സിനിമയില്‍ കൗതുകകരമായ ഒരു ബോക്സ് ഓഫീസ് ക്ലാഷ് നടക്കുകയാണ്. രജനികാന്തിന്‍റെയും കമല്‍ ഹാസന്‍റെയും ചിത്രങ്ങളാണ് ഒരുമിച്ച് ഒരേദിവസം തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. ഞെട്ടണ്ട, പുതിയ ചിത്രങ്ങളല്ല, മറിച്ച് പഴയ ചിത്രങ്ങളുടെ റീ റിലീസ് ആണ് ഒരേദിവസം സംഭവിച്ചിരിക്കുന്നത്.

കെ എസ് രവികുമാറിന്‍റെ സംവിധാനത്തില്‍ രജനികാന്ത് നായകനായി 1995 ല്‍ പുറത്തെത്തിയ മുത്തു, സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ ഇരട്ട വേഷങ്ങളിലെത്തിയ 2001 ചിത്രം ആളവന്താന്‍ എന്നിവയാണ് ഇന്ന് പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ആളവന്താന്‍ ലോകമെമ്പാടും 1000 സ്ക്രീനുകളില്‍ ഇന്ന് പ്രദര്‍ശനം ആരംഭിക്കുമെന്നാണ് നിര്‍മ്മാതാവ്, വി ക്രിയേഷന്‍സിന്‍റെ കലൈപ്പുലി എസ് താണു നേരത്തെ അറിയിച്ചിരുന്നത്. മുത്തുവിന്‍റെ സ്ക്രീന്‍ കൗണ്ട് ലഭ്യമല്ല. ഇപ്പോഴിതാ ചിത്രത്തിന്‍റെ തമിഴ്നാട്ടില്‍ നിന്നുള്ള ട്രാക്ക്ഡ് തിയറ്ററുകളിലെ ആദ്യ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്ക്.

Scroll to load tweet…

ഇതുപ്രകാരം ആളവന്താന്‍റെ തമിഴ്നാട്ടിലെ 79 തിയറ്ററുകളില്‍ നിന്നുള്ള 99 ഷോകളുടെ കണക്കുകള്‍ ലഭ്യമായപ്പോള്‍ 3656 ടിക്കറ്റുകള്‍ വിറ്റ് ചിത്രം നേടിയിരിക്കുന്നത് 3.9 ലക്ഷം രൂപയാണ്. അതേസ്ഥാനത്ത് മുത്തു 46 തിയറ്ററുകളിലെ 53 ഷോകളില്‍ നിന്ന് 2271 ടിക്കറ്റുകള്‍ വിറ്റപ്പോള്‍ ചിത്രം നേടിയിരിക്കുന്നത് 2.35 ലക്ഷം രൂപയാണ്. ഇന്ന് വൈകിട്ട് 5 മണി വരെയുള്ള ട്രാക്ക്‍ഡ് ഷോകളില്‍ നിന്നുള്ള കണക്കാണ് സിനിട്രാക്ക് പുറത്തുവിട്ടിരിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളിലെ ഒക്കുപ്പന്‍സിയില്‍ നിന്ന് റീ റിലീസ് വിജയമാവുമോ എന്നതിന്‍റെ സൂചനകള്‍ ലഭിക്കും. ഇതിനായുള്ള കാത്തിരിപ്പിലാണ് നിര്‍മ്മാതാക്കള്‍.

Scroll to load tweet…

അതേസമയം 18 വര്‍ഷത്തിന് ശേഷമാണ് രജനികാന്ത്, കമല്‍ ഹാസന്‍ ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് ചെയ്യപ്പെടുന്നത്. ഇപ്പോള്‍ റീ റിലീസ് ചെയ്യപ്പെട്ടിരിക്കുന്ന മുത്തുവിന്‍റെ യഥാര്‍ഥ റിലീസ് ദിനത്തില്‍ തന്നെ മറ്റൊരു കമല്‍ ഹാസന്‍ ചിത്രവും എത്തിയിരുന്നു. കമല്‍ ഹാസന്‍റെ തന്നെ തിരക്കഥയില്‍ പി സി ശ്രീറാം സംവിധാനം ചെയ്ത കുരുതിപ്പുനല്‍ ആയിരുന്നു അത്. 1995 ഒക്ടോബര്‍ 23 നാണ് രണ്ട് ചിത്രങ്ങളും എത്തിയത്. 

ALSO READ : സാമന്തയുടെ വഴിയേ ശ്രുതി ഹാസനും; നാനി നായകനാവുന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്തിനുവേണ്ടി വാങ്ങിയ പ്രതിഫലം!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം