കളക്ഷനില്‍ വമ്പൻ കുതിപ്പുമായി പ്രഭാസ് ചിത്രം സലാര്‍.

രാജമൗലിയുടെ ബാഹുബലി എന്ന ചിത്രത്തിന്റെ കളക്ഷൻ അക്കാലത്ത് രാജ്യത്തെ പ്രേക്ഷകരെയാകെ അത്ഭുതപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് ആയിരം കോടിയുടെ കളക്ഷൻ ക്ലബ് എന്നത് സ്വപ്‍ന സമാനമായിരുന്നു. എന്നാല്‍ ഇന്നത് സാധാരണമായിരിക്കുന്നു. ബാഹുബലി നായകൻ പ്രഭാസിന്റെ പുതിയ ചിത്രം സലാര്‍ ഉത്തരേന്ത്യയിലടക്കം മികച്ച പ്രതികരണവുമായി വെറും മൂന്ന് ദിവസത്തിനുള്ളില്‍ 402 കോടി രൂപ നേടിയിരിക്കുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

ജവാനെയും ലിയോയെയുമൊക്കെ മറികടക്കുന്ന തരത്തില്‍ കളക്ഷൻ റെക്കോര്‍ഡുകള്‍ നേടി ഒരുപക്ഷേ പ്രഭാസിന്റെ സലാര്‍ മുന്നേറാൻ സാധ്യതയുണ്ട് എന്നാണ് നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ വ്യക്തമാകുന്നത്. എന്തായാലും തെന്നിന്ത്യയില്‍ നിന്നുള്ള സിനിമകളുടെ കളക്ഷൻ റെക്കോര്‍ഡുകള്‍ പ്രഭാസിന്റെ സലാര്‍ തിരുത്തുമെന്ന് ഏതാണ്ട് ഉറപ്പിക്കാം. കെജിഎഫിലൂടെ രാജ്യമൊട്ടെ ശ്രദ്ധയാകര്‍ഷിച്ച ഹിറ്റ് സംവിധായകൻ പ്രശാന്ത് നീലാണ് പ്രഭാസിന്റെ സലാര്‍ ഒരുക്കിയത് എന്നത് അനുകൂല ഘടകമാണ്. പാൻ ഇന്ത്യൻ സ്വീകാര്യതയുള്ള ഒരു താരമായ പ്രഭാസ് നായകനാകുമ്പോള്‍ സലാറില്‍ മറ്റൊരു പ്രധാന തെന്നിന്ത്യൻ താരം പൃഥ്വിരാജും നിര്‍ണായക വേഷത്തില്‍ എത്തിയത് ആകര്‍ഷകമാകുന്നു.

വര്‍ദ്ധരാജ് മാന്നാറായിട്ടാണ് പൃഥ്വിരാജ് വേഷമിട്ടത്. നായകന്റെ അടുത്ത സുഹൃത്താണ് പ്രഭാസ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന വര്‍ദ്ധരാജ മാന്നാര്‍. ആക്ഷനിലുപരിയായി പൃഥിരാജ് പ്രഭാസിന്റെ പുതിയ ചിത്രത്തില്‍ വൈകാരിക സാഹചര്യങ്ങളിലും മികവ് പുലര്‍ത്തുന്നു എന്നാണ് മിക്ക പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. നായകനോളം പോന്ന വര്‍ദ്ധരാജെന്ന കഥാപാത്രമായി ചിത്രത്തില്‍ പൃഥ്വിരാജ് നിറഞ്ഞുനില്‍ക്കുന്നു.

വമ്പൻ ക്യാൻവാസിലാണ് സലാര്‍ ഒരുക്കിയത്. ആക്ഷനില്‍ മിന്നും പ്രകടനമാണ് പ്രഭാസിന്റേത്. മാസ് അപ്പീലുള്ള നായകനായിരിക്കുന്നു പ്രഭാസ്. പ്രതീക്ഷയ്‍ക്കപ്പുറത്തുള്ള ഒരു വിജയം എന്തായാലും ചിത്രം നേടും എന്ന് പ്രതീക്ഷിക്കാം.

Read More: കേരളത്തിനു പുറത്തും രാജാവ് അയാള്‍ തന്നെ, രണ്ടും മൂന്നും മലയാളത്തിന്റെ യുവ താരങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക