തമിഴകത്തെ സ്റ്റൈല്‍ മന്നൻ രജനികാന്ത് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ദര്‍ബാര്‍. തമിഴകത്തെ ഹിറ്റ് മേക്കര്‍ എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന് തിയേറ്ററിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ചെന്നൈയില്‍ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ആദ്യ ദിവസം 2.27 കോടി രൂപയാണ് ചിത്രം നേടിയത്. ഹൈദരാബാദ്, മുംബൈ നഗരങ്ങളിലും ചിത്രം മുൻനിരയിലുണ്ട്. മലേഷ്യയിലും സിംഗപ്പൂരിലും ഓസ്‍ട്രേലിയയിലും ചിത്രം ഒന്നാം സ്ഥാനത്താണ്.  ഓസ്‍ട്രേലിയയില്‍ ചിത്രത്തിന് നാല് കോടി മുപ്പത്തിയഞ്ച് ലക്ഷം രൂപയാണ് ലഭിച്ചത്. രജനികാന്തിന്റെ പ്രസരിപ്പോടെയുള്ള അഭിനയമാണ് ചിത്രത്തിന്റെ ആകര്‍ഷണമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തിനായി ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം പാടിയ ചുമ്മ കിഴി എന്ന ഗാനം വൻ ഹിറ്റായിരുന്നു. സന്തോഷ് ശിവൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. അനിരുദ്ധ് രവിചന്ദെര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. നയൻതാരയാണ് നായിക.