പ്രീ-റിലീസ് ഹൈപ്പിനോളം വന്നില്ലെങ്കിലും ഭേദപ്പെട്ട കളക്ഷനാണ് പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം 'സാഹോ' നേടിയത്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലും തീയേറ്ററുകളിലെത്തിയ ചിത്രം റിലീസ് ദീനത്തില്‍ മാത്രം 130 കോടിയാണ് നേടിയത്. രണ്ടാംദിനത്തില്‍ 75 കോടിയും നേടിയ ചിത്രം ആദ്യ നാല് ദിവസങ്ങളില്‍ ആഗോള ഗ്രോസ് ആയി 330 കോടിയും നേടിയിരുന്നു. 

രണ്ടാഴ്ച കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷന്‍ 424 കോടിയാണെന്നും നിര്‍മ്മാതാക്കളായ യു വി ക്രിയേഷന്‍സ് കണക്ക് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നേടിയ നെറ്റ് ബോക്‌സ്ഓഫീസ് കളക്ഷനും പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 153 കോടിയാണ് ഇതിനകം സാഹോയുടെ ഹിന്ദി പതിപ്പിന് മാത്രം കളക്ഷന്‍ ലഭിച്ചതെന്ന് യു വി ക്രിയേഷന്‍സ് അറിയിക്കുന്നു.

ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മുര്‍ളി ശര്‍മ, അരുണ്‍ വിജയ്, പ്രകാശ് ബേലവാടി, ഇവ്ലിന്‍ ശര്‍മ, സുപ്രീത്, ചങ്കി പാണ്ഡേ, മന്ദിര ബേദി, ടിനു ആനന്ദ് എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രചനയും സംവിധാനവും സുജീത്. മധിയാണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറിള്‍. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. പശ്ചാത്തലസംഗീതം ജിബ്രാന്‍.