നവാഗതനായ അഹാന്‍ പാണ്ഡേ, അനീത് പഡ്ഡ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍

വലിയ പ്രീ റിലീസ് പബ്ലിസിറ്റിയും ഹൈപ്പുമൊന്നും ഇല്ലാതെ എത്തുന്ന ചില ചിത്രങ്ങളുണ്ട്. തിയറ്ററില്‍ കണ്ട് ഇഷ്ടപ്പെട്ടവര്‍ തന്നെ പ്രചാരകരായി മാറുന്ന ചിത്രങ്ങള്‍. സോഷ്യല്‍ മീഡിയയുടെ ഇക്കാലത്ത് സിനിമകളെക്കുറിച്ച് നല്ല അഭിപ്രായമാണെങ്കിലും മോശം അഭിപ്രായമാണെങ്കിലും അത് പ്രചരിക്കുന്നത് ശരവേഗത്തിലാണ്. അതുകൊണ്ട് ഒരു പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിക്കാണ് നിര്‍മ്മാതാക്കള്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അത് ലഭിക്കുക പ്രയാസകരവുമാണ്. പ്രീ റിലീസ് പബ്ലിസിറ്റിയില്ലാതെ എത്തി ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ വിസ്മയം തീര്‍ക്കുകയാണ് ഇപ്പോള്‍ ഒരു ചിത്രം.

നവാഗതനായ അഹാന്‍ പാണ്ഡേ, അനീത് പഡ്ഡ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മോഹിത് സൂരി സംവിധാനം ചെയ്ത സൈയാര എന്ന ചിത്രമാണ് അത്. മ്യൂസിക്കല്‍ റൊമാന്‍റിക് ഡ്രാമ ഗണത്തില്‍ പെട്ട ചിത്രം ജൂലൈ 18 നാണ് തിയറ്ററുകളില്‍ എത്തിയത്. ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് ഓരോ നാഴികക്കല്ല് പിന്നിടുമ്പോഴും നിര്‍മ്മാതാക്കള്‍ തന്നെ അത് ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം എത്തിച്ചേര്‍ന്നിരിക്കുന്ന ഏറ്റവും പുതിയ നേട്ടത്തെക്കുറിച്ചും ഔദ്യോഗികമായ അറിയിപ്പ് എത്തിയിട്ടുണ്ട്.

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഒരു പ്രണയചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് സൈയാര നേടിയിരിക്കുന്നത്. നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസ് പുറത്തുവിട്ട കണക്ക് പ്രകാരം 404 കോടിയാണ് ചിത്രത്തിന്‍റെ ഇതുവരെയുള്ള ആഗോള ഗ്രോസ്. 12 ദിവസം കൊണ്ട് നേടിയ തുകയാണ് ഇത്. ഇതില്‍ ഇന്ത്യയില്‍ നിന്ന് 318 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 86 കോടിയും. അതേസമയം ചിത്രത്തിന് തിയറ്ററുകളില്‍ ഇപ്പോഴും മികച്ച ഒക്കുപ്പന്‍സി ലഭിക്കുന്നുണ്ട്. ബോക്സ് ഓഫീസില്‍ ഇനിയും ഏറെ മുന്നോട്ട് പോകുമെന്ന് സാരം. 40- 50 കോടി ബജറ്റ് ഉള്ള ചിത്രം ഇതിനകം തന്നെ നേടിയിരിക്കുന്നത് പത്തിരട്ടി കളക്ഷനാണ്.

ഛാവ മാത്രമാണ് ഈ വര്‍ഷം പുറത്തിറങ്ങിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ സൈയാരയ്ക്ക് മുകളിലുള്ളത്. ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം 693 കോടി നേടിയിരുന്നു. സങ്കല്‍പ് സദാനയാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത്. രോഹന്‍ ശങ്കറിന്‍റേതാണ് സംഭാഷണം. വികാശ് ശിവരാമനാണ് ഛായാഗ്രഹണം. രോഹിത് മക്വാനയും ദേവേന്ദ്ര മുര്‍ഡേശ്വറും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഗീത അഗ്രവാള്‍ ശര്‍മ്മ, രാജേഷ് കുമാര്‍, വരുണ്‍ ബഡോല, ഷാദ് രണ്‍ധാവ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

Wayanad Landslide | Asianet News Live | Malayalam News Live | Kerala News Live | Live Breaking News