ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ഹയസ്റ്റ് ഗ്രോസര്‍ ലിസ്റ്റില്‍ എമ്പുരാന്‍ ഉണ്ട്

സൂപ്പര്‍താര സാന്നിധ്യമോ വലിയ പ്രീ റിലീസ് ഹൈപ്പോ ഒന്നുമില്ലാതെ എത്തി സര്‍പ്രൈസ് വിജയങ്ങള്‍ നേടിയ ചിത്രങ്ങള്‍ ഈ വര്‍ഷം ഇന്ത്യന്‍ സിനിമയില്‍ പല ഭാഷകളിലായി ഉണ്ട്. ഇപ്പോഴിതാ ആ നിരയിലേക്ക് ബോളിവുഡില്‍ നിന്ന് ഒരു പുതിയ എന്‍ട്രി ഉണ്ട്. ഇന്ത്യന്‍ സിനിമയില്‍ നിലവിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയവും ആ ചിത്രമാണ്. നവാഗതനായ അഹാന്‍ പാണ്ഡേ, അനീത് പഡ്ഡ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മോഹിത് സൂരി സംവിധാനം ചെയ്ത സൈയാര എന്ന ചിത്രമാണ് അത്. മ്യൂസിക്കല്‍ റൊമാന്‍റിക് ഡ്രാമ ഗണത്തില്‍ പെട്ട ചിത്രത്തിന്‍റെ ഏറ്റവും പുതിയ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്. അഭിമാനകരമായ നേട്ടമാണ് ചിത്രം ഇതിനകം സ്വന്തമാക്കിയിരിക്കുന്നത്.

ജൂലൈ 18 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെയാണ് എത്തിയതെങ്കിലും ആദ്യദിനം കണ്ട പ്രേക്ഷകര്‍ തന്നെ ചിത്രത്തിന്‍റെ പ്രചാരകരായി മാറുന്ന കാഴ്ചയാണ് കണ്ടത്. ആ മൗത്ത് പബ്ലിസിറ്റി സോഷ്യല്‍ മീഡിയയിലേക്കും എത്തിയതോടെ നിര്‍മ്മാതാക്കളുടെ കാര്യം സേഫ് ആയി. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് അനുസരിച്ച് ചിത്രം ഇന്ത്യയില്‍ നിന്ന് ഇതിനകം നേടിയിരിക്കുന്ന നെറ്റ് കളക്ഷന്‍ 217.25 കോടിയാണ്. ഗ്രോസ് 228.9 കോടിയും. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ഇതിനകം നേടിയിട്ടുള്ളത് 52.85 കോടിയുമാണ്. അങ്ങനെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ആകെ നേടിയിട്ടുള്ളത് 281.75 കോടിയാണ്.

ഒന്‍പതാം ദിനമായ ഇന്നലെ മാത്രം ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 26.5 കോടിയാണ്. റിലീസ് ചെയ്തതിന് ശേഷം ഒരു ദിവസം നേടുന്ന ഏറ്റവും മികച്ച രണ്ടാമത്തെ കളക്ഷനും ഇതാണ്. റിലീസിന്‍റെ മൂന്നാം ദിനമാണ് ചിത്രം ഏറ്റവും വലിയ കളക്ഷന്‍ നേടിയത്. 35.75 കോടി ആയിരുന്നു അത്. റിലീസിന്‍റെ രണ്ടാം ശനിയാഴ്ച ആയിരുന്ന ഇന്നലെ 26 കോടിക്ക് മുകളില്‍ നേടിയ ചിത്രം ഞായറാഴ്ചയായ ഇന്നും സമാന രീതിയില്‍ കളക്റ്റ് ചെയ്യുമെന്ന് ഉറപ്പാണ്. അതായത് ചിത്രം ഇന്നത്തോടെ 300 കോടി ക്ലബ്ബിലേക്ക് കയറും.

ഇന്ത്യന്‍ സിനിമയില്‍ എല്ലാ ഭാഷകളും എടുത്താലും ഈ വര്‍ഷം 300 കോടിക്ക് മുകളില്‍ നേടുന്ന രണ്ടാമത്തെ ചിത്രമായിരിക്കും സൈയാര. ബോളിവുഡ് ചിത്രം ഛാവ മാത്രമാണ് ഈ വര്‍ഷം ആ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യയില്‍ നിന്ന് മാത്രം 693 കോടി നേടിയിരുന്നു ഛാവ. ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ടോപ്പ് കളക്ഷന്‍ ചിത്രങ്ങളിലൊന്നായ എമ്പുരാനെ ഇതിനകം മറികടന്നിട്ടുണ്ട് സൈയാര. 265 കോടിയോളമായിരുന്നു എമ്പുരാന്‍റെ ആഗോള കളക്ഷന്‍.

Asianet News Live | Malayalam News Live | Kerala News Live | Live Breaking News l Malayalam News