'കിഷ്കിന്ധാ കാണ്ഡം' ടീമിന്റെ 'എക്കോ' മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി തിയേറ്ററുകളിൽ മുന്നേറുന്നു. നവംബർ 21ന് റിലീസ് ചെയ്ത ചിത്രം 17 ദിവസം കൊണ്ട് ആഗോളതലത്തിൽ മികച്ച കളക്ഷനാണ് ലഭിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രം 20 കോടിയിലധികം ചിത്രം നേടി.
ചില സിനിമകൾ അങ്ങനെയാണ്, സൈലന്റായി വന്ന് ഹിറ്റടിക്കും. അക്കൂട്ടത്തിലേക്ക് എത്തിയ സിനിമയാണ് എക്കോ. വൻ പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചുപറ്റിയ കിഷ്കിന്ധാ കാണ്ഡം സിനിമാ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം. ഇതായിരുന്നു എക്കോയിലേക്ക് പ്രേക്ഷകരെ ആകർക്ഷിച്ചത്. കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ തിയറ്ററിൽ എത്തിയ ചിത്രം മലയാള സിനിമാസ്വാദകർക്ക് സമ്മാനിച്ചത്. വൻ ദൃശ്യവിരുന്ന്. മലയാളത്തിൽ നിന്നും പിറന്ന ഇന്റർനാഷണൽ ലെവൽ പടമെന്ന് പറഞ്ഞ് പ്രേക്ഷകർ വാനോളം പുകഴ്ത്തി. ചെറിയ റോളിൽ വന്ന് പോയ കഥാപാത്രങ്ങളുടെ പ്രകടനം വരെ അവർ എടുത്തുപറഞ്ഞ് അഭിനന്ദിച്ചു. നിലവിൽ തിയറ്ററിൽ പ്രദർശനം തുടരുന്ന എക്കോയുടെ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്.
നവംബർ 21ന് ആയിരുന്നു എക്കോ തിയറ്ററുകളിൽ എത്തിയത്. ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 43.90 കോടിയാണ് ആഗോളതലത്തിൽ ഇതുവരെ എക്കോ നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് 17 ദിവസത്തെ കണക്കാണിത്. ഇന്ത്യ നെറ്റ് കളക്ഷൻ 22.10 കോടിയാണ്. ഓവർസീസിൽ നിന്നും 17.85 കോടിയും ഇന്ത്യ ഗ്രോസ് കളക്ഷൻ 26.05 കോടിയുമാണ്. കേരളത്തിന് പുറത്തും എക്കോയ്ക്ക് മികച്ച കളക്ഷൻ ലഭിക്കുന്നുണ്ട്.
17 ദിവസത്തിൽ കേരളത്തിൽ നിന്നും എക്കോ നേടിയത് 20.55 കോടി രൂപയാണെന്ന് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. കർണാടകയിൽ നിന്നും 2.91 കോടിയും ചിത്രം നേടി. തെലുങ്കാന- ആന്ധ്രാപ്രദേശങ്ങളിൽ നിന്നും 39 ലക്ഷം രൂപയും പടം നേടിയിട്ടുണ്ട്. 1.37 കോടി രൂപയാണ് പതിനേഴ് ദിവസത്തിൽ തമിഴ്നാട്ടിൽ നിന്നും എക്കോ നേടിയത്. മമ്മൂട്ടി ചിത്രം കളങ്കാവൽ അടക്കമുള്ള സിനിമകൾ തിയറ്ററിൽ നിൽക്കെയാണ് എക്കോയും കളക്ഷനിൽ മുന്നേറുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഈ രീതിയിൽ മുന്നോട്ട് പോകുകയാണെങ്കിൽ 50 കോടി എന്ന നേട്ടവും എക്കോയ്ക്ക് സ്വന്തമായേക്കാം.



