മറ്റെല്ലാവരും പിന്നില്‍, തെലുങ്കിലെ സംക്രാന്തി വിന്നര്‍ ആയി വെങ്കടേഷ് ചിത്രം; 26 ദിവസത്തെ കളക്ഷന്‍
സംക്രാന്തികി വസ്തുനം കൂടാതെ രണ്ട് പ്രധാന ചിത്രങ്ങള്‍ കൂടി ഇത്തവണ സംക്രാന്തിക്ക് തിയറ്ററുകളില്‍ എത്തിയിരുന്നു

തെലുങ്ക് സിനിമയുടെ ഏറ്റവും പ്രധാന സീസണുകളില്‍ ഒന്നാണ് സംക്രാന്തി. ജനം കൂട്ടത്തോടെ തിയറ്ററുകളില്‍ എത്താറുള്ള സീസണില്‍ പ്രമുഖ താരങ്ങളും ഒന്നിലധികം ചിത്രങ്ങളും തിയറ്ററുകളില്‍ എത്താറുണ്ട്. അതില്‍ ആരാണ് വിന്നര്‍ എന്നത് ഇന്‍ഡസ്ട്രി എല്ലായ്പ്പോഴും കൗതുകത്തോടെ നോക്കുന്ന ഒന്നാണ്. ഇത്തവണത്തെ സംക്രാന്തി വിന്നര്‍ അനില്‍ രവിപുഡിയുടെ സംവിധാനത്തില്‍ വെങ്കടേഷ് നായകനായ ആക്ഷന്‍ കോമഡി ചിത്രം സംക്രാന്തികി വസ്തുനം ആണ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഏറ്റവും പുതിയ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.
സംക്രാന്തികി വസ്തുനം കൂടാതെ രണ്ട് പ്രധാന ചിത്രങ്ങള്‍ കൂടി ഇത്തവണ സംക്രാന്തിക്ക് തിയറ്ററുകളില്‍ എത്തിയിരുന്നു. രാം ചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്ത ഗെയിം ചേഞ്ചറും നന്ദാമുരി ബാലകൃഷ്ണയെ നായകനാക്കി ബോബി കൊല്ലി സംവിധാനം ചെയ്ത ഡാകു മഹാരാജും. ഇതില്‍ ഏറ്റവും പ്രീ റിലീസ് ശ്രദ്ധ നേടിയത് ഗെയിം ചേഞ്ചര്‍ ആയിരുന്നു. എന്നാല്‍ റിലീസ് ദിനത്തില്‍ തന്നെ മോശം അഭിപ്രായങ്ങള്‍ എത്തിയതോടെ ചിത്രം ബോക്സ് ഓഫീസില്‍ വീണു. അത് ഗുണമായത് വെങ്കടേഷ് ചിത്രത്തിനാണ്.
ജനുവരി 14 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം 26 ദിവസം കൊണ്ട് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയിരിക്കുന്ന ഗ്രോസ് 210.75 കോടിയാണ്. നെറ്റ് കളക്ഷന്‍ 178.9 കോടിയും. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം നേടിയിരിക്കുന്നത് 246 കോടിയാണെന്നും സാക്നില്‍ക് അറിയിക്കുന്നു. അതേസമയം ഫെബ്രുവരി 3 ന് നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രത്തിന്‍റെ ആഗോള ഗ്രോസ് 303 കോടിയാണ്. ഗെയിം ചേഞ്ചറും ഡാകു മഹാരാജും നേടിയതിനേക്കാള്‍ അധികമാണ് ഇത്. ഗെയിം ചേഞ്ചറും സംക്രാന്തികി വസ്തുനവും നിര്‍മ്മിച്ചത് ഒരേ നിര്‍മ്മാതാക്കളാണ് എന്നതും കൗതുകം. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ് ആണ് ഇരു ചിത്രങ്ങളുടെയും നിര്‍മ്മാണം.
ALSO READ : സംവിധാനം കമല്‍ കുപ്ലേരി; 'ഏനുകുടി'യുടെ ചിത്രീകരണം വയനാട്ടിൽ തുടങ്ങി
