Asianet News MalayalamAsianet News Malayalam

ബോളിവുഡിനെയും ഹോളിവുഡിനെയും മറികടന്ന് തെലുങ്ക് സിനിമ; ആദ്യദിന കളക്ഷനില്‍ ഇന്ത്യയില്‍ ഒന്നാമതെത്തി സീട്ടിമാര്‍

അക്ഷയ് കുമാര്‍ നായകനായ 'ബെല്‍ബോട്ട'മാണ് കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം ബോളിവുഡില്‍ നിന്നെത്തിയ സൂപ്പര്‍താര ചിത്രം. എന്നാല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചിട്ടും ചിത്രത്തിന് ബോക്സ് ഓഫീസില്‍ അത് നേട്ടമാക്കാനായിരുന്നില്ല

seetimaarr is the highest collected film in india post covid second wave beats bell bottom and shang chi
Author
Thiruvananthapuram, First Published Sep 11, 2021, 11:50 AM IST

കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം പല സംസ്ഥാനങ്ങളിലും സിനിമാ തിയറ്ററുകള്‍ ഇതിനകം തുറന്നുപ്രവര്‍ത്തിച്ചുതുടങ്ങി. എന്നാല്‍ കേരളമടക്കം പല സംസ്ഥാനങ്ങളിലും ഇപ്പോഴും അടഞ്ഞു കിടക്കുകയുമാണ് തിയറ്ററുകള്‍. എന്നിരിക്കിലും രാജ്യത്തെ ചലച്ചിത്രവ്യവസായം പതുക്കെ ചലിച്ചു തുടങ്ങുന്നതിന്‍റെ സൂചനകളാണ് ലഭിയ്ക്കുന്നത്. തെലുങ്ക് സിനിമയില്‍ നിന്നാണ് ഒരു പുതിയ ശുഭസൂചന. ഗോപി ചന്ദിനെയും തമന്നയെയും പ്രധാന കഥാപാത്രങ്ങളാക്കി സമ്പത്ത് നന്ദി സംവിധാനം ചെയ്‍ത സ്പോര്‍ട് ആക്ഷന്‍ ഡ്രാമ മികച്ച പ്രതികരണമാണ് ബോക്സ് ഓഫീസില്‍ നേടുന്നത്.

വിനായക ചതുര്‍ഥി ദിനമായ ഇന്നലെയായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ആദ്യദിനത്തില്‍ ചിത്രം 3.5 കോടി ഷെയര്‍ നേടിയതായാണ് കണക്കുകള്‍. കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ട വ്യത്യസ്‍ത ഭാഷാ റിലീസുകളില്‍ ഏറ്റവും മികച്ച ആദ്യദിന കളക്ഷന്‍ ആണിത്. ഇന്ത്യയിലെ റിലീസ്‍ദിന കളക്ഷനില്‍ ബോളിവുഡ്, ഹോളിവുഡ് സിനിമകളെപ്പോലും മറികടന്നിരിക്കുകയാണ് ഈ ചിത്രം.

അക്ഷയ് കുമാര്‍ നായകനായ 'ബെല്‍ബോട്ട'മാണ് കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം ബോളിവുഡില്‍ നിന്നെത്തിയ സൂപ്പര്‍താര ചിത്രം. എന്നാല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചിട്ടും ചിത്രത്തിന് ബോക്സ് ഓഫീസില്‍ അത് നേട്ടമാക്കാനായില്ല. പ്രധാന മാര്‍ക്കറ്റ് ആയ മഹാരാഷ്ട്രയില്‍ തിയറ്ററുകള്‍ തുറക്കാത്തതായിരുന്നു പ്രധാന കാരണം.  ഫലം ആദ്യദിന കളക്ഷന്‍ 2.75 കോടി മാത്രം! പിന്നീടെത്തിയ മാര്‍വെലിന്‍റെ സൂപ്പര്‍ഹീറോ ചിത്രമായ 'ഷാങ്-ചി ആന്‍ഡ് ദ് ലെജെന്‍ഡ് ഓഫ് ദ് ടെന്‍ റിംഗ്‍സ്' ഇന്ത്യയിലെ റിലീസ് ദിന കളക്ഷനില്‍ ബെല്‍ബോട്ടത്തെ മറികടന്നിരുന്നു. 3.25 കോടിയാണ് ചിത്രം നേടിയത്. ഇപ്പോഴിതാ മാര്‍വെല്‍ ചിത്രത്തെയും മറികടന്നിരിക്കുകയാണ് ഗോപിചന്ദ് നായകനായ തെലുങ്ക് ചിത്രം. 

ദിഗംഗന സൂര്യവന്‍ശി, ഭൂമിക ചൗള, റഹ്മാന്‍, തരുണ്‍ അറോറ, റാവു രമേശ്, പൊസാനി കൃഷ്‍ണ മുരളി, തനികെല്ല ഭരണി, പ്രീതി അസ്രാനി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ശ്രീനിവാസ സില്‍വര്‍ സ്ക്രീനിന്‍റെ ബാനറില്‍ ശ്രീനിവാസ ചിട്ടൂരിയാണ് നിര്‍മ്മാണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios