എ ആര്‍ മുരുഗദോസ് ആണ് സംവിധാനം
തെന്നിന്ത്യന്‍ സിനിമകളില്‍ പലതും വലിയ വിജയങ്ങള്‍ നേടുമ്പോള്‍ ബോളിവുഡിലെ പ്രശസ്തമായ ഒട്ടുമിക്ക താരങ്ങളും തുടര്‍ പരാജയങ്ങളുടെ അലട്ടലില്‍ ആണ്. അക്കൂട്ടത്തില്‍ ഒരാളാണ് പ്രമുഖ താരമായ സല്‍മാന്‍ ഖാനും. നായകനായെത്തിയ മൂന്ന് ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിന് പിന്നാലെ സല്‍മാന്‍റേതായി എത്തിയ ചിത്രമായിരുന്നു സിക്കന്ദര്‍. തെന്നിന്ത്യന്‍ സംവിധായകരെ വച്ച് പല ബോളിവുഡ് താരങ്ങളും നടത്തുന്ന പരീക്ഷണങ്ങളില്‍ സല്‍മാന്‍ ഖാന്‍റെ പങ്കായിരുന്നു ഈ ചിത്രം. ആമിര്‍ ഖാന് ഗജിനിയും അക്ഷയ് കുമാറിന് ഹോളിഡേ എന്ന ചിത്രവുമൊക്കെ സമ്മാനിച്ച എ ആര്‍ മുരുഗദോസ് ആണ് സിക്കന്ദര്‍ ഒരുക്കിയത്. എന്നാല്‍ സല്‍മാന്‍ ഖാന് ഒരു ഹിറ്റ് കൊടുക്കാന്‍ മുരുഗദോസിന് കഴിഞ്ഞില്ല. ഫലം സല്‍മാന്‍ ഖാന് തുടര്‍ച്ചയായ നാലാം പരാജയം. ഇപ്പോഴിതാ ചിത്രത്തിന്‍റെ ക്ലോസിംഗ് ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
ഈദ് റിലീസ് ആയി മാര്‍ച്ച് 30 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. മുന്‍ കാലങ്ങളില്‍ സല്‍മാന്‍ ഖാന്‍റെ പല ഹിറ്റ് ചിത്രങ്ങളും ഈദ് റിലീസ് ആയാണ് തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ ഇക്കുറി അദ്ദേഹത്തെ ഭാഗ്യം തുണച്ചില്ല. 200 കോടി ബജറ്റില്‍ എത്തിയ ചിത്രമാണിത്. ആദ്യ ദിനം 30.06 കോടി കളക്ഷന്‍ നേടിയെങ്കിലും പ്രേക്ഷകാഭിപ്രായം നേടാന്‍ ചിത്രത്തിന് സാധിച്ചില്ല. അതിനാല്‍ തുടര്‍ ദിനങ്ങളില്‍ കളക്ഷന്‍ കാര്യമായി ഇടിഞ്ഞു. എങ്കിലും ആദ്യ ആഴ്ചയില്‍ 115 കോടി ചിത്രം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരുന്നു. പിന്നീട് തകര്‍ച്ച പൂര്‍ണ്ണമായി. അജയ് ദേവ്‍ഗണിന്‍റെ റെയ്ഡ് 2 എത്തുന്നതുവരെ ചിത്രം ഉത്തരേന്ത്യന്‍ തിയറ്ററുകളില്‍ ഉണ്ടായിരുന്നു. ഒരു മാസത്തോളം റണ്ണിംഗ് ലഭിച്ചെങ്കിലും പരിതാപകരമായ പ്രകടനമാണ് പിന്നീട് ചിത്രം ബോക്സ് ഓഫീസില്‍ നടത്തിയത്.
പ്രദര്‍ശനം അവസാനിപ്പിക്കുമ്പോള്‍ ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 129.95 കോടിയാണ്. 153.34 കോടിയാണ് ഇന്ത്യയിലെ ഗ്രോസ്. ആഗോള ബോക്സ് ഓഫീസിലെ ചിത്രത്തിന്‍റെ ഫൈനല്‍ ഗ്രോസ് 211.34 കോടിയാണ്. 200 കോടി ബജറ്റിലെത്തിയ ഒരു ചിത്രത്തെ സംബന്ധിച്ച് നിര്‍മ്മാതാവിന് ഇത് നഷ്ടക്കണക്കുകളാണ്. നദിയാദ്‍വാല ഗ്രാന്‍ഡ്സണ്‍ എന്‍റര്‍ടെയ്ന്‍മെന്‍റും സല്‍മാന്‍ ഖാന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.