ആമിർ ഖാന്റെ 'സിതാരെ സമീൻ പർ' ആദ്യ വാരാന്ത്യത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. മൂന്ന് ദിവസത്തിനുള്ളിൽ ഏകദേശം 59.90 കോടി രൂപ നേടിയ ചിത്രം ആഗോളതലത്തിൽ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

മുംബൈ: ആമിർ ഖാൻ നായകനായി എത്തിയ 'സിതാരെ സമീൻ പർ' എന്ന ചലച്ചിത്രം ആദ്യ വാരാന്ത്യത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചുവെന്നാണ് ബോക്സോഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജൂൺ 22-ന് റിലീസ് ചെയ്ത ഈ ചിത്രം മൂന്ന് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ ഏകദേശം 59.90 കോടി രൂപ നേടിയതായാണ് ട്രാക്കര്‍മാരുടെ റിപ്പോർട്ടുകള്‍ പറയുന്നത്.

ആദ്യ മൂന്ന് ദിവസങ്ങളിലെ വരുമാനം

റിലീസ് ചെയ്ത വെള്ളിയാഴ്ച (ഡേ 1): 10.7 കോടി രൂപ

ശനിയാഴ്ച (ഡേ 2): 19.9 കോടി രൂപ (88.8% വളർച്ച)

ഞായർ (ഡേ 3): 21.7 കോടി രൂപ (പ്രഥമിക കണക്ക്)

എന്നിങ്ങനെയാണ് ഇന്ത്യയിലെ ചിത്രത്തിന്‍റെ ആഭ്യന്തര കളക്ഷന്‍. ഹിന്ദി ബെൽറ്റിൽ, വലിയ പ്രേക്ഷക പിന്തുണ പ്രസന്ന സംവിധാനം ചെയ്യുന്ന ആമിര്‍ ഖാന്‍ നിര്‍മ്മിക്കുന്ന ചിത്രം നേടിയിട്ടുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയും മെട്രോ നഗരങ്ങളിലും ചെറിയ പ്രദേശങ്ങളിലും കാര്യമായ വളർച്ച കാണിച്ചു.

ഇന്ത്യയ്‌ക്ക് പുറമെ, വിദേശത്തും 'സിതാരെ സമീൻ പർ' ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ആദ്യ ദിനത്തിൽ തന്നെ 7.4 കോടി രൂപയുടെ വിദേശ കളക്ഷന്‍ ഉൾപ്പെടെ, ആഗോള ബോക്സ് ഓഫീസിൽ 20 കോടി രൂപയിലധികം ചിത്രം നേടിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആമിർ ഖാന്റെ മുൻ ചിത്രമായ 'താരെ സമീൻ പർ'ന്റെ ആത്മീയ പിൻഗാമിയായാണ് 'സിതാരെ സമീൻ പർ' താരം തന്നെ വിശേഷിപ്പിക്കുന്നത്. ചിത്രത്തിന്റെ ഹൃദയസ്പർശിയായ കഥയും ശക്തമായ സന്ദേശവും പ്രേക്ഷകരെ ആകർഷിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് എക്സിൽ, ചിത്രത്തിന് ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങൾ വലിയ ഗുണമാണ് ചിത്രത്തിന് നല്‍കുന്നത്.

'സിതാരെ സമീൻ പർ' ധനുഷ് നായകനാകുന്ന 'കുബേര'യുമായാണ് ബോക്സ് ഓഫീസിൽ മത്സരിക്കുന്നത്. 'കുബേര' 48.50 കോടി രൂപ മൂന്ന് ദിവസത്തില്‍ നേടിയിട്ടുണ്ട്. എന്നാല്‍ 90 കോടി രൂപ ബജറ്റിൽ നിർമ്മിച്ച 'സിതാരെ സമീൻ പർ' ബോക്സ് ഓഫീസ് പ്രകടനം കൊണ്ട് നിർമ്മാതാക്കൾക്ക് പ്രതീക്ഷ നൽകുന്നു. ആമിർ ഖാന്റെ തിരിച്ചുവരവ് എന്ന നിലയിൽ, 'സിതാരെ സമീൻ പർ' വരും ദിവസങ്ങളിൽ കൂടുതൽ വരുമാനം നേടുമെന്നാണ് ട്രാക്കര്‍മാര്‍ പ്രവചിക്കുന്നത്.