18 ന് തിയറ്ററുകളിലെത്തിയ ചിത്രം
ഇന്ത്യയിലെ മറ്റ് ഭാഷാ സിനിമാ വ്യവസായങ്ങള്‍ ഈ വര്‍ഷം വലിയ ബോക്സ് ഓഫീസ് വിജയങ്ങള്‍ നേടി വാര്‍ത്ത സൃഷ്ടിക്കുമ്പോള്‍ അത് കണ്ടുനില്‍ക്കാന്‍ മാത്രമായിരുന്നു കന്നഡ സിനിമാ മേഖലയുടെ യോഗം. 10 കോടി പോലും ടോട്ടല്‍ കളക്ഷന്‍ വന്ന ഒരു കന്നഡ ചിത്രം ഈ വര്‍ഷം ഇല്ല എന്നതായിരുന്നു ജൂലൈ 18 വരെയുള്ള സ്ഥിതി. എന്നാല്‍ ജൂലൈ 18 ന് എത്തിയ എക്ക എന്ന ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 10 കോടി മറികടന്നു. എന്നാല്‍ കഴിഞ്ഞ വാരാന്ത്യത്തിലെത്തിയ രണ്ട് ചിത്രങ്ങള്‍ കന്നഡ സിനിമയ്ക്ക് വലിയ വിജയങ്ങള്‍ നേടിക്കൊടുക്കുകയാണ്. ഹൊംബാലെയുടെ പാന്‍ ഇന്ത്യന്‍ എനിമേറ്റഡ് എപിക് മിത്തോളജിക്കല്‍ ആക്ഷന്‍ ചിത്രം മഹാവതാര്‍ നരസിംഹയും ജെ പി തുമിനാട് രചനയും സംവിധാനവും നിര്‍വ്വഹിച്ച് നായകനായും അഭിനയിച്ചിരിക്കുന്ന സു ഫ്രം സോ എന്ന ചിത്രവുമാണ് അത്. ഇതില്‍ ബഹുഭാഷകളില്‍ എത്തിയിരിക്കുന്ന നരസിംഹയുടെ കന്നഡ പതിപ്പിന് കളക്ഷന്‍ കുറവാണ്. അതേസമയം കര്‍ണാടകത്തിലെ തിയറ്ററുകളിലേക്ക് വലിയ തോതില്‍ പ്രേക്ഷകരെ എത്തിച്ചിരിക്കുകയാണ് സു ഫ്രം സോ.
ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന സു ഫ്രം സോയുടെ റിലീസ് ജൂലൈ 25, വെള്ളിയാഴ്ച ആയിരുന്നു. ആദ്യ ദിനം 78 ലക്ഷം മാത്രമാണ് ചിത്രത്തിന് നേടാനായത്. എന്നാല്‍ ചിത്രം കണ്ടവര്‍ അങ്ങേയറ്റം പോസിറ്റീവ് ആയ അഭിപ്രായങ്ങള്‍ പറഞ്ഞതോടെ ചിത്രത്തിന്‍റെ ബുക്കിംഗ് കുതിച്ചു. കര്‍ണാടകത്തില്‍ അങ്ങോളമിങ്ങോളമുള്ള തിയറ്ററുകളില്‍ ഹൗസ്‍ഫുള്‍ ഷോകള്‍ വര്‍ധിക്കാന്‍ തുടങ്ങി. വാരാന്ത്യത്തില്‍ ബെംഗളൂരു അടക്കമുള്ള സെന്‍ററുകളില്‍ ഹൗസ്‍ഫുള്ളോ ഫാസ്റ്റ് ഫില്ലിംഗോ അല്ലാതെയുള്ള ഷോകള്‍ ഉണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
അതിന്‍റെ മെച്ചം ബോക്സ് ഓഫീസിലും പ്രതിഫലിച്ചു. വെള്ളിയാഴ്ച 78 ലക്ഷം നേടിയ ചിത്രം ശനിയാഴ്ച 2.17 കോടിയും ഞായറാഴ്ച 3.5 കോടിയും നേടി. ഒരു റിലീസ് ചിത്രത്തിന് കളക്ഷന്‍ ഏറ്റവും കുറയാറുള്ള തിങ്കളാഴ്ചത്തെ കളക്ഷനാണ് കൗതുകം. ഞായറാഴ്ച 3.5 കോടി നേടിയ ചിത്രത്തിന് തിങ്കളാഴ്ച 3.05 കോടി നേടാനായി. ഞായറാഴ്ചത്തേക്കാള്‍ കളക്ഷനാണ് ചൊവ്വാഴ്ച! 3.88 കോടിയാണ് ചിത്രം ചൊവ്വാഴ്ച നേടിയ കളക്ഷന്‍. ചിത്രത്തിന്‍റെ ജനപ്രീതി ദിവസംതോറും കൂടുന്നതിന് ഉദാഹരണമാണ് ഇത്. ആദ്യ അഞ്ച് ദിവസങ്ങളില്‍ നിന്ന് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ നെറ്റ് കളക്ഷന്‍ 13.38 കോടിയാണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രത്തിന്‍റെ ഇതുവരെയുള്ള ആഗോള കളക്ഷന്‍ 15.39 കോടിയാണ്. 3- 4 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ശരിയെങ്കില്‍ വെറും അഞ്ച് ദിവസം കൊണ്ട് ബജറ്റിന്‍റെ അഞ്ചിരട്ടി കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. മഹാവതാര്‍ നരസിംഹ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 26.25 കോടി നേടിയെങ്കിലും ചിത്രത്തിന്‍റെ കന്നഡ പതിപ്പിന്‍റെ ഇന്ത്യന്‍ കളക്ഷന്‍ 49 ലക്ഷം മാത്രമാണ്.
അതേസമയം സു ഫ്രം സോയുടെ മലയാളം പതിപ്പ് കേരളത്തില്‍ റിലീസ് ചെയ്യുകയാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ എത്തിക്കുന്നത്. നാളെ മുതല്‍ കേരളത്തിലെ തിയറ്ററുകളില്‍ ചിത്രം കാണാം. ഇതിന് മുന്നോടിയായി ഇന്ന് കൊച്ചിയില്‍ ചിത്രത്തിന്‍റെ പ്രിവ്യൂ ഷോ സംഘടിപ്പിച്ചിട്ടുണ്ട്. സഹനിര്‍മ്മാതാവായ രാജ് ബി ഷെട്ടിയും സംവിധായകന്‍ ജെ പി തുമിനാടും അടക്കമുള്ളവര്‍ ഇന്ന് കൊച്ചിയില്‍ എത്തും.

