Asianet News MalayalamAsianet News Malayalam

ആഗോള ബോക്‌സ്ഓഫീസില്‍ 'സിംബ'യുടെ ഗര്‍ജ്ജനം; 'ദി ലയണ്‍ കിംഗ്' ആദ്യദിനം നേടിയത്

ഹോളിവുഡ് സിനിമകളുടെ പ്രധാന മാര്‍ക്കറ്റുകളില്‍ ഒന്നാണ് ഇന്ന് ഇന്ത്യ. ജംഗിള്‍ ബുക്കും അവഞ്ചേഴ്‌സ് സിരീസും അടക്കം കളക്ഷനില്‍ അത് മുന്‍പ് തെളിയിച്ചതാണ്. 'ലയണ്‍ കിംഗും' അതിന് തുടര്‍ച്ചയാവുകയാണ്.
 

the lion king box office
Author
L A, First Published Jul 20, 2019, 9:38 PM IST

ലോകമെങ്ങുമുള്ള ഒരു തലമുറയെത്തന്നെ സ്വാധീനിച്ച ചിത്രമാണ് 1994ല്‍ പുറത്തിറങ്ങിയ 'ദി ലയണ്‍ കിംഗ്'. 25 വര്‍ഷത്തിന് ശേഷം ഫോട്ടോറിയലിസ്റ്റിക് അനിമേഷനായി രൂപാന്തരപ്പെടുത്തി ഡിസ്‌നി വീണ്ടും എത്തിച്ച ചിത്രത്തിന് വലിയ പ്രീ-റിലീസ് പബ്ലിസിറ്റിയാണ് ലഭിച്ചിരുന്നത്. ആദ്യ ചിത്രത്തിന് ലോകമെമ്പാടും വലിയൊരു ആരാധകവൃന്ദം ഉണ്ടായിരുന്നതിനാല്‍ സ്വാഭാവികമായും സമ്മിശ്ര പ്രതികരണമാണ് പുതിയ ചിത്രത്തിന് തുടക്കത്തില്‍ ലഭിച്ചത്. എന്നാല്‍ ആഗോള ബോക്‌സ്ഓഫീസില്‍ ഈ അഭിപ്രായങ്ങള്‍ വലിയ സ്വാധീനമൊന്നും ചെലുത്തിയിട്ടില്ല. അങ്ങനെയാണ് കണക്കുകള്‍ പറയുന്നത്.

the lion king box office

യുഎസില്‍ മാത്രം 4,725 സ്‌ക്രീനുകളിലാണ് ചിത്രം വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തിയത്. യുഎസില്‍ വ്യാഴാഴ്ച നടന്ന പെയ്ഡ് പ്രിവ്യൂ പ്രദര്‍ശനങ്ങളില്‍ നിന്ന് മാത്രം 23 മില്യണ്‍ ഡോളര്‍ (158 കോടി രൂപ) ചിത്രം നേടി. ഞായര്‍ വരെ നീളുന്ന ഈ വാരാന്ത്യത്തില്‍ ചിത്രം 185 മില്യണ്‍ ഡോളറിനടുത്ത് (1273 കോടി രൂപ) നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളിലും ഈ വെള്ളിയാഴ്ച തന്നെയാണ് ചിത്രം എത്തിയതെങ്കില്‍ ചൈനയില്‍ ഒരാഴ്ച മുന്‍പേ എത്തി. ചൈനയിലെ തീയേറ്ററുകളില്‍ നിന്ന് ഇതിനകം 76 മില്യണ്‍ ഡോളറും (523 കോടി രൂപ) നേടി. 

ഹോളിവുഡ് സിനിമകളുടെ പ്രധാന മാര്‍ക്കറ്റുകളില്‍ ഒന്നാണ് ഇന്ന് ഇന്ത്യ. ജംഗിള്‍ ബുക്കും അവഞ്ചേഴ്‌സ് സിരീസും അടക്കം കളക്ഷനില്‍ അത് മുന്‍പ് തെളിയിച്ചതാണ്. 'ലയണ്‍ കിംഗും' അതിന് തുടര്‍ച്ചയാവുകയാണ്. ഇംഗ്ലീഷിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളില്‍ നിന്നുമായി ആദ്യദിനം 13.17 കോടിയാണ് ചിത്രത്തിന്റെ ഗ്രോസ്. 'സ്‌പൈഡര്‍മാര്‍ ഫാര്‍ ഫ്രം ഹോമി'നേക്കാള്‍ മുകളിലാണ് ഈ കളക്ഷന്‍. 10.05 കോടിയായിരുന്നു സ്‌പൈഡര്‍മാന്റെ ആദ്യദിന ഇന്ത്യന്‍ കളക്ഷന്‍. 

the lion king box office

'പ്രൈഡ് ലാന്‍ഡ്‌സ്' എന്ന 'മൃഗരാജ്യ'ത്തെ രാജാവായ സിംഹം മുഫാസയുടെ മകന്‍ 'സിംബ'യാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. അമ്മാവന്‍ 'സ്‌കാറി'നാല്‍ അച്ഛന്‍ കൊല്ലപ്പെടുന്നതോടെ 'സിംബ'യ്ക്ക് രാജ്യം വിടേണ്ടി വരുകയാണ്. പിന്നീട് യുവാവായ സിംബ തിരികെയെത്തുന്നതും ശത്രുക്കളെ നേരിടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. നിര്‍മ്മാതാക്കളായ ഡിസ്‌നി ചിത്രത്തിന്റെ ബജറ്റ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ഉദ്ദേശം 250 മില്യണ്‍ ഡോളറാണ് (1721 കോടി ഇന്ത്യന്‍ രൂപ) അതെന്നാണ് അറിയുന്നത്. ഈ വാരാന്ത്യത്തിലെ ചിത്രത്തിന്റെ പ്രകടനത്തിലേക്കാണ് നിര്‍മ്മാതാക്കള്‍ ഉറ്റുനോക്കുന്നത്. 

Follow Us:
Download App:
  • android
  • ios