'കര്‍വാന്' ശേഷം ബോളിവുഡിന്റെ സ്‌ക്രീനില്‍ ദുല്‍ഖര്‍ സല്‍മാന്‍ എത്തിയ ചിത്രമാണ് ഈ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തിയ 'ദി സോയ ഫാക്റ്റര്‍'. അഭിഷേക് ശര്‍മ്മ സംവിധാനം ചെയ്ത ചിത്രത്തില്‍ സോനം കപൂറാണ് നായികയായി എത്തിയത്. എങ്ങനെയുണ്ട് ഹിന്ദി ബെല്‍റ്റില്‍ ദുല്‍ഖര്‍ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണം? ആദ്യദിനങ്ങളില്‍ ചിത്രത്തിന് ലഭിച്ച കളക്ഷന്‍ എത്ര?

എന്നാല്‍ മുന്‍പ് ബോളിവുഡ് ട്രേഡ് അനലിസ്റ്റുകള്‍ പോലും പ്രതീക്ഷയോടെ ചൂണ്ടിക്കാട്ടിയിരുന്ന ചിത്രത്തെ പ്രേക്ഷകര്‍ കാര്യമായി പരിഗണിക്കുന്നില്ലെന്നാണ് വടക്കെ ഇന്ത്യയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. മൂന്ന് ചിത്രങ്ങളാണ് ബോളിവുഡില്‍ നിന്ന് ഈ വെള്ളിയാഴ്ച തീയേറ്ററുകളിലെത്തിയത്. 'സോയ ഫാക്റ്റര്‍' കൂടാതെ പല്‍ പല്‍ ദില്‍ കെ പാസും സഞ്ജയ് ദത്തിന്റെ പ്രസ്ഥാനവും. എന്നാല്‍ റിലീസ് ദിനത്തില്‍ ഈ മൂന്ന് ചിത്രങ്ങളും കൂടി ആകെ നേടിയത് മൂന്ന് കോടി മാത്രമാണെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്ന് ചിത്രങ്ങളില്‍ ബോക്‌സ്ഓഫീസില്‍ ഏറ്റവും മോശം പ്രകടനം നടത്തിയത് 'ദി സോയ ഫാക്റ്റര്‍' ആണെന്നും റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം 65-75 ലക്ഷം മാത്രമാണ് സോയ ഫാക്റ്ററിന് വെള്ളിയാഴ്ച നേടാനായത്. ശനിയാഴ്ചത്തെ കളക്ഷന്‍ 85 ലക്ഷത്തിന് മുകളില്‍ പോകില്ലെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. വാരാന്ത്യത്തിലെ അവസാനദിനം ആയതിനാല്‍ ഞായറാഴ്ചത്തെ കളക്ഷനാവും നിര്‍മ്മാതാക്കള്‍ ഉറ്റുനോക്കുന്നത്.

2008ല്‍ പ്രസിദ്ധീകരിച്ച അനുജ ചൗഹാന്റെ ദ് സോയ ഫാക്ടര്‍ എന്ന പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സോയ സോളങ്കി എന്ന പെണ്‍കുട്ടിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും തമ്മിലുള്ള പ്രണയവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും പറയുന്ന ചിത്രത്തില്‍ സഞ്ജയ് കപൂറും വേഷമിടുന്നു.