ഹൃത്വിക് റോഷൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് വാര്‍. ചിത്രത്തിന് വൻ സ്വീകാര്യതയാണ് തിയേറ്ററുകളില്‍ ലഭിക്കുന്നത്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോര്‍ഡും പുറത്തുവിട്ടിരിക്കുകയാണ്.  ഇന്ത്യയില്‍ റീലീസ് ചെയ്‍ത ചിത്രങ്ങളില്‍ ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷൻ സ്വന്തമാക്കിയ എക്കാലത്തെയും രണ്ടാമത്തെ ചിത്രം എന്ന റെക്കോര്‍ഡാണ് വാര്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ചിത്രം ബാഹുബലി രണ്ടാം ഭാഗമാണ്.

വാര്‍ ആദ്യ ദിവസം 53.35 കോടിയാണ് സ്വന്തമാക്കിയത്. ബാഹുബലി 152.6 കോടി സ്വന്തമാക്കിയിരുന്നു. അവഞ്ചേഴ്‍സ് എൻഡ് ഗെയിമാണ് ഇപ്പോള്‍ മൂന്നാം സ്ഥാനത്ത്.  53.10 കോടി രൂപയായിരുന്നു ഇന്ത്യയില്‍ ആദ്യ ദിവസം അവഞ്ചേഴ്‍സ് എൻഡ് ഗെയിം സ്വന്തമാക്കിയത്. ഇന്ത്യയില്‍ 4000 സ്‍ക്രീനുകളിലായിരുന്നു വാര്‍ റിലീസ് ചെയ്‍തത്. ലോകമെമ്പാടുമായി 5350 സ്‍ക്രീനുകളിലും. ഹൃത്വിക് റോഷന് ഒപ്പം ടൈഗര്‍ ഷ്രോഫും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. സിദ്ധാര്‍ഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്‍തത്.