ശബരി വിശ്വം ആണ് സിനിമ സംവിധാനം ചെയ്‍തിരിക്കുന്നത്

ലോകമെങ്ങും ഫുട്ബോള്‍ ലഹരിയിലാണ്. കാല്‍പ്പന്തിന്റെ ആവേശപ്പാച്ചിലിന്റെ താളത്തിലാണ് ആരാധകരുടെ ശ്വാസവും താളവും. വെറുമൊരു കളിയല്ല ഫുട്ബോള്‍, ആരാധകര്‍ക്ക്. അത് സ്നേഹത്തിന്റെ സൌഹൃദത്തിന്റെയും വികാരങ്ങള്‍ കൂടി ആത്മാവില്‍ നിറയ്‍ക്കുന്ന ഒന്നാണ്. കാല്‍പ്പന്തിന്റെ ആവേശം കലാശക്കൊട്ടില്‍ എത്തിനില്‍ക്കുമ്പോള്‍ ഫുട്ബോള്‍ ലഹരി അനുഭൂതിയായി അനുഭവിപ്പിക്കുന്ന ഒരു ഹ്രസ്വ ചിത്രം ശ്രദ്ധേയമാവുകയാണ്. കാല്‍സിയോ- സോള്‍ ഓഫ് ഫുട്ബോള്‍ എന്ന ഹ്രസ്വചിത്രം.



മരണാസന്നനായ ഒരു വൃദ്ധൻ ഫുട്ബോള്‍ ആവേശത്തില്‍ ലയിച്ചുമറയുന്നതിന്റെ ദൃശ്യാവിഷ്കാരമാണ് സിനിമ പറയുന്നത്. ഒരു തുകല്‍പ്പന്തില്‍ നിറയുന്ന ശ്വാസത്തിന് ശരീരങ്ങളെ മാത്രം അല്ല ആത്മാക്കളെയും കൂടി ഉയിര്‍പ്പിക്കാനുള്ള ആവേശം കൂടിയുണ്ട്. കിനാവിന്റെ പുല്‍മൈതാനങ്ങളില്‍‌ സ്നേഹത്തിന്റെ ആത്മാവ് നിറയുന്ന കാല്‍പ്പന്തിന്റെ കിക്ക് ഓഫ്, ലെറ്റ് അസ് പ്ലേ ഫുട്ബോള്‍‌ എന്ന് കേന്ദ്രകഥാപാത്രം പറയുന്നതിലുണ്ട്, സിനിമയുടെ മൊത്തം പ്രമേയം. ശബരി വിശ്വം ആണ് സിനിമ സംവിധാനം ചെയ്‍തിരിക്കുന്നത്. കെ ടി സി അബ്‍ദുള്ള പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.