ട്വിറ്റിലാണ് മന്ത്രി സൈറയെ താരതമ്യപ്പെടുത്തി ഈ ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനെ രൂക്ഷമായി വിമര്‍ശിച്ച് സൈറയും രംഗത്തുവന്നതോടെ സംഭവം വിവാദമായി.
ദില്ലിയില്‍ ആരംഭിച്ച ഇന്ത്യന്‍ ആര്‍ട്ട് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്ത ശേഷമാണ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ഒരു ചിത്രം കേന്ദ്ര യുവജനക്ഷേമ മന്ത്രി വിജയ് ഗോയല്‍ ട്വീറ്റ് ചെയ്തത്. ബുര്‍ഖയണിഞ്ഞ സ്ത്രീയും കൂട്ടിലിട്ട ഒരു സ്ത്രീയും അടങ്ങുന്നതായിരുന്നു ചിത്രം. സൈറയുടേതുപോലുള്ളവരുടെ ജീവിതമാണ് ചിത്രം സൂചിപ്പിക്കുന്നത് എന്ന അടിക്കുറിപ്പും മന്ത്രി ഇതിന് നല്‍കി.
തുടര്‍ന്ന്, സൈറ ഇതിനെതിരെ പ്രതികരിച്ച് രംഗത്തുവന്നു. ഇത്തരം ചിത്രങ്ങളുമായി തന്നെ താരതമ്യപ്പെടുത്തേണ്ടതില്ലെന്ന് സൈറ മറുപടി നല്‍കി. ബുര്‍ഖയണിഞ്ഞ സ്ത്രീകള്‍ സ്വതന്ത്രരും സുന്ദരികളുമാണെന്നും മറ്റൊരു ട്വീറ്റില്‍ സൈറ കൂട്ടിച്ചേര്‍ത്തു.
ഇതോടെ മന്ത്രി മലക്കം മറിഞ്ഞു. താന്‍ നടിയെ അഭിനന്ദിക്കുകയാണ് ചെയ്തതെന്നും സൈറയെക്കുറിച്ചുള്ള തന്റെ അഭിപ്രായം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും വിജയ് ഗോയല്‍ ട്വീറ്റ് ചെയ്തു.
സൈറക്കെതിരെ ഈയടുത്ത് ഓണ്‍ലൈന്‍ പൊങ്കാല അരങ്ങേറിയിരുന്നു. ദംഗല്‍ സിനിമയിലൂടെ ശ്രദ്ധേയയായ സൈറ കശ്മീരി പെണ്‍കുട്ടികളുടെ റോള്‍ മോഡലാണെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞതിനു പിന്നാലെയായിരുന്നു ഇത്. സിനിമ പോലെ മതം അംഗീകരിക്കാത്ത കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന സൈറ മാതൃകയല്ലെന്നായിരുന്നു മുസ്‌ലിം സംഘടനകളുമായി ബന്ധപ്പെട്ട തീവ്രപക്ഷക്കാരുടെ വിമര്‍ശനം. മതവിരുദ്ധയാണ് സൈറയെന്ന വ്യാഖ്യാനം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായതോടെ താന്‍ കാരണം ആരെങ്കിലും വേദനിച്ചുവെങ്കില്‍ ക്ഷമ പറയുന്നതായി സൈറ വ്യക്തമാക്കി. ആമിര്‍ ഖാന്‍ അടക്കമുള്ള പ്രമുഖര്‍ സൈറയ്ക്ക് പിന്തുണയുമായി രംഗത്തു വന്നിരുന്നു.
അതിനു പിന്നാലെയാണ്, സ്ത്രീയെ കൂട്ടിലിട്ട ചിത്രവുമായി മന്ത്രി രംഗത്തുവന്നത്.
മഹാവീര്‍ സിംഗ് ഫോഗട്ടിന്റെയും മക്കളുടെയും കഥ പറയുന്ന ദംഗലില്‍ ഗീത ഫോഗട്ടിന്റെ ചെറുപ്പകാലം അവതരിപ്പിച്ചാണ് പതിനാറുകാരിയായ സൈറ വെള്ളിത്തിരയിലെത്തിയത്.
