ബിഗ്ബോസ് ഹൗസില്‍ നിന്നും പുറത്ത് പോയ മത്സരാര്‍ത്ഥിയാണ് ദീപന്‍ മുരളി. സീരിയല്‍ താരമായ ദീപന്‍ ബിഗ് ബോസ് ഹൗസില്‍ എത്തുന്നത് വിവാഹം കഴി‌ഞ്ഞയുടനാണ്. പിന്നീട് ബിഗ്ബോസിലെ അനുഭവങ്ങള്‍ ദീപന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് വിശദീകരിച്ചു. തന്‍റെ ബിഗ്ബോസ് ഹൗസിലെ പ്രിയപ്പെട്ടവരെക്കുറിച്ചാണ് ദീപന്‍ പ്രതികരിച്ചത്. ബിഗ്ബോസ് ഹൗസില്‍ ദീപന്‍റെ ഏറ്റവും അടുത്ത കൂട്ടായിരുന്നു അര്‍ച്ചന. ഇത്തവണത്തെ എലിമിനേഷന്‍ എത്തിയതോടെ അർച്ചന ഇതില്‍ ഇടംപിടിച്ചിട്ടുണ്ട്. ശക്തയായ മത്സരാര്‍ത്ഥിയായ അർച്ചനയെ നോമിനേറ്റ് ചെയ്യാൻ ഓരോരുത്തരും പറഞ്ഞ കാരണങ്ങൾ ഇവയാണ്. ഒരു നല്ല പനിനീർ പുഷ്പമാണെന്നാണ് ഞാൻ വിചാരിച്ചതു അടുത്തപ്പോഴാണ്  മനസിലായത് കാര മുള്ളാണെന്നു എന്നാണ്  അനൂപ് പറഞ്ഞത്.

പേളി പറഞ്ഞത് ശക്തയായ  മത്സാരാർഥിയാണ്.  പക്ഷെ ശക്തി ഉപയോഗിക്കുന്ന സമയം തെറ്റി പോകുന്നു. ബോംബ് വെച്ച സമയം തെറ്റി പോകുന്ന പോലെ എന്നാണ്. ശ്രീനിഷ് പറഞ്ഞത് അർച്ചന എപ്പോഴും  സ്ട്രെയിറ്റ്, സ്ട്രെയിറ്റ്  എന്ന് പറയും എന്നിട്ട് ദീപൻ പോയ ശേഷം ഗ്രൂപ്പുണ്ടാക്കി കളിക്കാൻ നോക്കുന്നുവെന്നാണ്. അഥിതി പറഞ്ഞത്  അവൾ സംസാരിക്കാൻ ചെന്നപ്പോഴൊക്കെ അർച്ചന  ദീപന്റെ കൂടെ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. വെരി സോറി പിന്നെ വരൂ എന്ന് നിരന്തരം പറഞ്ഞുവെന്നാണ്. 

സുരേഷ് അർച്ചനയെ കുറിച്ച് പറഞ്ഞത് ഒരാളുടെ കുറ്റം  ചുമ്മാ അങ്ങനെ  കണ്ടുപിടിക്കുക , എന്നിട്ടു ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക എന്നതാണ് അർച്ചന എന്നാണ്. ഷിയാസ് പറഞ്ഞത് മണിയടിക്കുന്ന പോലെ ഒരു അറ്റമില്ലാത്ത കാര്യങ്ങൾ  സംസാരിച്ചു കൊണ്ടിരിക്കും. വാ തുറന്നാൽ നുണ മാത്രമേ പറയു എന്നാണ്.  ബഷീർ പറഞ്ഞത്  ഈ വീട്ടിൽ വന്നപ്പോൾ മുതൽ  സ്ട്രെയിറ്റായിട്ടാണ് ആയിട്ട് കളിക്കണം നേരായ വഴിയിൽ കളിക്കണംയഒറ്റയ്ക്ക് നിന്ന് പൊരുതി ജയിക്കണം എന്നൊക്കെ  പറഞ്ഞിട്ട് എല്ലാരുടെയും അടുത്ത് ചെന്നിട്ടു ഗ്രൂപ്പ് ഇണ്ടാക്കണം എന്ന്  അർച്ചന തന്നെ പറഞ്ഞുവെന്നാണ്. 

ഇങ്ങനെ ഏഴു പേരാണ് അർച്ചനയെ എലിമിനേഷന് തെരെഞ്ഞെടുത്തത്. അർച്ചനയുമായി ഏറ്റവും അടുപ്പമുള്ള വ്യക്തിയായിരുന്നു ദീപൻ മുരളി. ഗെയിമിൽ നിന്നും കഴിഞ്ഞാഴ്ച പുറത്തായ ദീപൻ ഈ സാഹചര്യത്തിൽ തനിക്കറിയാവുന്ന അർച്ചനയെ കുറിച്ച് സംസാരിക്കുന്നു. 

"എനിക്ക് അർച്ചനയെ കഴിഞ്ഞ എട്ടു വർഷത്തെ പരിചയമുണ്ട്. ഞങ്ങൾ മൂന്നു സീരിയലിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. വര്ഷങ്ങളായി പരസ്പരം അറിയുന്ന രണ്ടു പേരാണ് ഞങ്ങൾ. 
എന്നാൽ ബിഗ് ബോസ് ഞങ്ങൾക്ക് രണ്ടു പേർക്കും ഒരു സർപ്രൈസ് ആയിരുന്നു. എന്നെ വിളിച്ചിട്ടുണ്ട് എന്ന് അർച്ചനക്കോ അർച്ചന വരുന്നുണ്ടെന്ന് എനിക്കോ അറിയില്ലായിരുന്നു. ബിഗ് ബോസ്സിന്‍റെ നിയമം പരസ്പരം പാലിച്ചത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. രണ്ടുപേരും ബിഗ് ബോസ്സിൽ എത്തിയെന്നു അവിടെ വച്ച് ആണ് ഞങ്ങൾ പരസ്പരം അറിയുന്നത്. പെട്ടന്ന് തന്നെ അതിശയം സന്തോഷമായി മാറി. 

എന്നെ സംബന്ധിച്ചിടത്തോളം വിശ്വസിക്കാൻ കഴിയുന്ന ഒരു സുഹൃത്താണ്  അർച്ചന. എടുത്തെറിയുന്ന ഒരു റബർ ബോൾ പോലെയാണ് അവൾ . അത്രക്കും എനർജി ലെവൽ ഉണ്ട്. മത്സരബുദ്ധി, മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നേടാൻ വേണ്ടിയുള്ള പരിശ്രമം ഒക്കെ കണ്ടാൽ അത്ഭുതം തോന്നും. മത്സരമാണ് എന്ന് വച്ചാൽ തീയിൽ വരെ ചാടാനുള്ള മനക്കരുത്തുണ്ട്. ഞാനൊരു ഡാൻസറാണ്. എന്നാൽ ഓരോ സ്റ്റേജ് ഷോക്ക് വേണ്ടി അർച്ചന ഡാൻസ് പഠിച്ചെടുക്കുന്ന സ്പീഡ് കാണുമ്പൊൾ ഞാൻ അമ്പരന്നു പോയിട്ടുണ്ട്. 

 എന്നാൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച അർച്ചനയുടെ ഗുണം ഇതൊന്നുമല്ല. മാതാപിതാക്കളോടുള്ള അവളുടെ കരുതലാണ്. എല്ലാവരും മുതിർന്നു കഴിഞ്ഞാൽ പിന്നെ അവനവന്‍റെ കുട്ടികൾ, കുടുംബം എന്നൊക്കെ മുന്നോട്ടല്ലേ ഓട്ടം? എന്നാൽ അർച്ചന അക്കാര്യത്തിൽ വ്യത്യസ്തയാണ്. സ്വന്തം മാതാപിതാക്കളുടെ സന്തോഷമാണ് അവൾക്ക് ഏറ്റവും പ്രധാനം.  അർച്ചനയും രഞ്ജിനിയുമാണ് ബിഗ് ബോസ്സിൽ ഫെയർ ഗെയിം കളിക്കുന്ന രണ്ടു പേർ എന്നാണ് എന്റെ വിലയിരുത്തൽ. അർച്ചന ശരിക്കും ഒരു ഗ്രൂപ്പിലും ഇല്ല. എന്റെ സുഹൃത്തായത് കൊണ്ടല്ല ഞാനിതു പറയുന്നത്. പരസ്പരം ചെയ്യുന്ന എല്ലാ കാര്യങ്ങളും സപ്പോർട്ട് ചെയ്യുന്ന സുഹൃത്തുക്കൾ അല്ല ഞങ്ങൾ. ബിഗ് ബോസ്സിനകത്തായാലും പുറത്തായാലും തെറ്റെന്ന് തോന്നിയാൽ പരസ്പരം അത് പറയാറുണ്ട്. 

ഒരു ഗ്രൂപ്പിലും ഇല്ലാത്തൊരാൾ ഇന്നത്തെ സാഹചര്യത്തിൽ ബിഗ് ബോസ്സിൽ വളരെ ദുര്ബലയാണ്. മൂന്നു പേര് പോലും ഇപ്പോ അവിടെ ശക്തിയുള്ള ഗ്രൂപ്പ് ആണ്. നോമിനേഷനുകൾ ഇപ്പോൾ പൂർണമായും വ്യക്തിപരമായി ടാർഗറ്റ് ചെയ്യുന്ന പോലെ തോന്നുന്നു.  എങ്കിലും ഗ്രൂപ്പ് ഉണ്ടാക്കുന്നതും അംഗങ്ങൾ പ്ലാൻ ചെയ്തു ആളുകളെ നോമിനേറ്റ് ചെയ്യുന്നതും ശരിയല്ലെന്ന് തന്നെ ഞാൻ കരുതുന്നു.   ഞാനും അർച്ചനയും ഗെയിമിൽ വന്നത് ട്രോഫി നേടാൻ വേണ്ടി മാത്രമല്ല. അതിനപ്പുറം കളിക്കുന്ന അത്രയും ഫെയർ ഗെയിം കളിക്കുക എന്നതു കൂടി ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നു.എങ്ങനെയും വിജയി ആവുക എന്നതിനേക്കാളും  സ്ട്രെയിറ്റ് ആയി കളിക്കുന്നത് തന്നെയാണ് ശരി എന്ന് ഞാനിപ്പോഴും കരുതുന്നു. 

അവിടെ പലർക്കും കളി എന്തെന്ന് പോലും മനസ്സിലായിട്ടില്ല. സ്നേഹിക്കാനും കൊഞ്ചിക്കാനും ലാളിക്കാനുമൊക്കെ അച്ഛനും മകളും മരുമോനും കുഞ്ഞമ്മേടെ മോളും ഒക്കെയായുള്ള കളിയാണ് അവിടെ നടക്കുന്നത്. അവർക്കിടയിൽ ഇതിനൊന്നും പോകാത്ത അർച്ചനയും രഞ്ജിനിയുമാണ് മിടുക്കർ എന്ന് ഞാൻ കരുതുന്നു. രഞ്ജിനി ഒച്ച വക്കുന്നതും അലറുന്നതുമൊക്കെ കാണുമ്പോ ആളുകൾക്ക് പലതും തോന്നുമെങ്കിലും ന്യായമായ കാര്യങ്ങൾക്ക് വേണ്ടിയാണു രഞ്ജിനി അതൊക്കെ ചെയ്‌യുന്നത്‌. ബിഗ് ബോസ്സിലെ ഇതുവരെയുള്ള കാപ്റ്റന്മാരിൽ ഏറ്റവും മിടുക്കി രഞ്ചിനിയാണ്. രഞ്ജിനിക്ക് നല്ല നേതൃഗുണമുണ്ട്.  സ്വന്തം കാര്യം പറയാനും ആഹാരം കഴിക്കാനും മാത്രം വാ തുറക്കുന്നവർ ഇപ്പോഴും ബിഗ് ബോസ്സിലുണ്ട്. ആ സാഹചര്യത്തിലാണ് അർച്ചന നോമിനേഷനിൽ വന്നു നിൽക്കുന്നത് എന്നത് സങ്കടകരമാണ്. കരുത്തരായ മത്സാർത്ഥികൾ ഓരോരുത്തരായി പുറത്തേക്ക് പോയാൽ കളിയുടെ സ്പിരിറ്റ് എന്താണ്? 

ഏത് മനുഷ്യന്‍റെയും കംഫർട്ട് നഷ്ടപ്പെട്ടാൽ മാത്രമേ അയാളുടെ യഥാർത്ഥ സ്വത്വം പുറത്തു വരൂ. അപ്പോഴാണ് ശരിക്കും ജീവിക്കാൻ  തുടങ്ങുന്നത്. ബിഗ് ബോസ് മത്സാർത്ഥികളെ സംബന്ധിച്ച് അവർക്ക് കംഫർട്ട് സോൺ തകർത്തെറിയാനുള്ള ഒരവസരമായിരുന്നു ഈ ഗെയിമിലേക്കുള്ള തെരെഞ്ഞെടുക്കൽ. ബിഗ് ബോസ് വീട്ടിൽ നിന്നും ഞാൻ പഠിച്ച ഏറ്റവും വിലയുള്ള പാഠം  ഭക്ഷണം വെറുതെ കളയരുത് എന്നതാണ്.  അതെ, ഞാനിപ്പോൾ കംഫർട്ട് സോണിലല്ലാതെ ജീവിക്കാൻ പഠിച്ചിരിക്കുന്നു. ഞാൻ മാത്രമല്ല അവിടെയുള്ള എല്ലാവരും.