തമിഴ് നടന്‍ ധനുഷ് മകനാണെന്ന് കാണിച്ച് മധുരയ്‌ക്കടുത്തുള്ള മേലൂരില്‍ നിന്നുള്ള വൃദ്ധദമ്പതികള്‍ നല്‍കിയ ഹര്‍ജിയില്‍ നടന്‍ നേരിട്ട് കോടതിയില്‍ ഹാജരായി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലാണ് ധനുഷ് ഹാജരായത്. ധനുഷ് മകനാണെന്ന് അവകാശപ്പെട്ട് മേലൂര്‍ സ്വദേശികളായ കതിരേശനും ഭാര്യ മീനാക്ഷിയും ചില ചിത്രങ്ങള്‍ കോടതിയ്‌ക്ക് മുന്‍പാകെ ഹാജരാക്കിയിരുന്നു. ധനുഷിന്‍റെ യഥാര്‍ഥ പേര് കലൈ അരശന്‍ എന്നാണെന്നും ചെറുപ്പത്തില്‍ നാടുവിട്ടുപോയതാണെന്നുമാണ് ഇവരുടെ അവകാശവാദം. ധനുഷിന്‍റെ ദേഹത്ത് ജന്‍മനാ മറുകുണ്ടെന്നും, ഇവ തെളിയിയ്‌ക്കുന്ന സ്കൂള്‍ രേഖകള്‍ ഹാജരാക്കാമെന്നും ഇത് പരിശോധിയ്‌ക്കണമെന്നും വൃദ്ധദമ്പതികള്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് ജസ്റ്റിസ് ചൊക്കലിംഗം അദ്ധ്യക്ഷനായ ബെഞ്ച് ധനുഷിനോട് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസയയ്‌ക്കുകയായിരുന്നു. രാവിലെ പതിനൊന്ന് മണിയോടെ കോടതിയില്‍ ധനുഷ് നേരിട്ടെത്തി. തുടര്‍ന്ന് സര്‍ക്കാര്‍ ഡോക്ടറെത്തി ധനുഷിന്‍റെ ദേഹപരിശോധന നടത്തി. കേസ് ഇനി വ്യാഴാഴ്ച പരിഗണിക്കും.