അച്ഛൻ ശ്രീനിവാസന്റെ പാത പിന്തുടർന്ന് നടൻ ധ്യാൻ ശ്രീനിവാസൻ കൃഷിയിലേക്ക്. അതേസമയം, ധ്യാനിന്റെ ഏറ്റവും പുതിയ ചിത്രമായ 'വള' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.
സിനിമയ്ക്കു പിന്നാലെ കൃഷിയിലും അച്ഛൻ്റെ വഴിയേ നടൻ ധ്യാൻ ശ്രീനിവാസൻ. എറണാകുളം കണ്ടനാട്ട് ശ്രീനിവാസൻ പതിവായി കൃഷി ചെയ്തിരുന്ന ഭൂമിയിൽ തന്നെയാണ് ധ്യാനും കൃഷി തുടങ്ങിയത്. അനാരോഗ്യം കണക്കിലെടുത്ത് കൊണ്ട് കൃഷിയിൽ നിന്നും ശ്രീനിവാസൻ പിന്മാറിയത് കൊണ്ട് തന്നെ ധ്യാൻ ശ്രീനിവാസൻ ആ കൃഷി ഏറ്റെടുക്കുകയാണ് ചെയ്തത്. നടൻ മണികണ്ഠൻ ആചാരിയും ഇത്തവണത്തെ കൃഷിയുടെ ഭാഗമാകും.
"ഇതാണല്ലോ നമ്മൾ ഡൈലി കഴിക്കുന്നത്, എന്റെ റൂമിൽ നിന്നും നേരിട്ട് കാണാൻ പറ്റുന്നത് പാടമാണ്. രാവിലെ എന്നും കാണുന്നത് ഇതാണ്. വളരെ കുളിർമ്മയുള്ള ദൃശ്യമാണ്. അതുകൊണ്ട് വ്യക്തിപരമായി വളരെ ഇഷ്ടമാണ്. 80 ഏക്കറിലാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. 110 ഏക്കറുണ്ട്. ഉമ എന്ന വേരിയന്റ് ആണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. ഒരു 150 ദിവസങ്ങൾ കഴിഞ്ഞിട്ടായിരിക്കും അടുത്ത സ്റ്റേജ്." ധ്യാൻ ശ്രീനിവാസൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി 'വള'
അതേസമയം മുഹാഷിൻ സംവിധാനം ചെയ്ത വള ആയിരുന്നു ധ്യാൻ ശ്രീനിവാസന്റേതായി അവസാനമിറങ്ങിയ ചിത്രം. ലുക്മാൻ അവറാനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ധ്യാൻ ശ്രീനിവാസനും ലുക്മാനും സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. രാഷ്ട്രീയക്കാരനായി ധ്യാനും, പൊലീസുകാരനായി ലുക്മാനും മത്സരിച്ചാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. രവീണ രവി ധ്യാനിന്‍റെ ഭാര്യയായും ശീതൾ ജോസഫ് ലുക്മാന്റെ ഭാര്യയായും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കിയിരിക്കുന്നു. വളരെയധികം അഭിനയപ്രാധാന്യം ഉള്ള വേഷങ്ങൾ ആണ് വിജയരാഘവനും ശാന്തികൃഷ്ണയും ചിത്രത്തിൽ ചെയ്തിരിക്കുന്നത്. അബു സലിം, അർജുൻ രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്, ഗോകുലൻ തുടങ്ങി നിരവധി താരങ്ങളും തങ്ങളുടെ വേഷങ്ങൾ ഭംഗി ആയി കൈകാര്യം ചെയ്തിട്ടിരിക്കുന്നു. സ്വർണ്ണത്തേക്കാൾ, വജ്രത്തേക്കാൾ വിലപിടിപ്പുള്ള ഒരു വളയെ ചുറ്റിപ്പറ്റിയാണ് മുഹഷിൻ സംവിധാനം ചെയ്ത പുതിയ ചിത്രം ‘വള’ കഥ പറയുന്നത്. ചരിത്രത്തിന്റെ രഹസ്യങ്ങൾ നിറഞ്ഞ ആ വള കാലത്തിനപ്പുറം നിന്നും വർത്തമാനത്തിലേക്ക് എത്തി, പലരുടെയും ജീവിതങ്ങളുമായി ചേർന്ന് പോകുന്നതാണ് കഥയുടെ പ്രമേയം. കുടുംബത്തിനാകെ ആസ്വദിക്കാവുന്ന ത്രില്ലിംഗ് ഫൺ എന്റർടെയ്നർ ആയി സിനിമ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്.


