രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് സിനിമയായ അണ്ണാമലൈ റീമേക്ക് ചെയ്യാന്‍ വിജയ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് വിജയ് രജനീകാന്തുമായി ചര്‍ച്ച നടത്തിയെന്നുമാണ് റിപ്പോര്‍ട്ട്.

ഭൈരവ് എന്ന സിനിമയാണ് ഏറ്റവുമൊടുവില്‍ വിജയ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. പൊങ്കലിനാണ് സിനിമ പ്രദര്‍ശനത്തിന് എത്തുക. സിനിമയുടെ അവസാനരംഗങ്ങളുടെ ചിത്രീകരണം എംജിആര്‍ ഫിലിം സിറ്റിയിലായിരുന്നു. ഇവിടെ രജനീകാന്ത് ഷങ്കറിന്റെ പുതിയ സിനിമയില്‍ അഭിനയിക്കുകയായിരുന്നു. ഇതറിഞ്ഞ വിജയ് രജനീകാന്തിനെ കാണാന്‍ എത്തുകയായിരുന്നു. അണ്ണാമലൈയുടെ റീമേക്കിന് അനുവാദം വാങ്ങിക്കാനും അനുഗ്രഹം തേടാനുമാണ് വിജയ് എത്തിയത്. ഏകദേശം 10 മിനുട്ടുകളോളം ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഷങ്കര്‍ സിനിമയിലെ രജനീകാന്തിന്റെ വേറിട്ട ഗെറ്റപ്പ് ലീക്ക് ആകാതിരിക്കാന്‍ ഫോട്ടോ എടുക്കാന്‍ അനുവദിച്ചില്ലെന്നും തമിഴ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.