കൊച്ചി: ഹൈക്കോടതി ജാമ്യ ഹ‍ർജി തളളിയതോടെ ദിലീപിന്‍റെ മുന്നിൽ ഇനി രണ്ടുവഴികളാണുളളത്. ഒന്നുകിൽ സുപ്രീംകോടതിയെ സമീപിക്കുക അല്ലെങ്കിൽ കുറച്ചുകൂടി കാത്തിരുന്നശേഷം വീണ്ടും ഹൈക്കോടതിയിലെത്തുക. ഇപ്പോഴത്തെ നിലയിൽ ദിലീപിന്‍റെ ജയിൽവാസം ആഴ്ചകളോളം തുടരാനാണ് സാധ്യത. എന്തായാലും 2 കോടതികളും കൈവിട്ടതോടെ, ദിലീപിന് ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന സിനിമാലോകം വീണ്ടും ആശങ്കയിലായി. റിലീസിനൊരുങ്ങിയ സിനിമകളുടെ റിലീസ് ഇനി എന്നുണ്ടാകുമെന്ന് ഒരു നിശ്ചയവും ഇല്ല.

 രാമലീലയുടെ രണ്ടാംടീസറിൽ നായകൻ പറയുന്ന ഈ ഡയലോഗ് തന്നെയാണ് ദിലീപിന്‍റെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചത്. ഹൈക്കോടതിയിൽ നിന്ന് ജാമ്യംകിട്ടുമെന്നായിരുന്നു ദിലീപിന്‍റെ സിനിമാസുഹൃത്തുക്കളുടെ പ്രതീക്ഷ. എന്നാൽ കേസിൽ തിരിച്ചടി നേരിട്ടതോടെ സൂപ്പർതാരത്തിന് ഇനിയും അഴിക്കുള്ളിൽ തുടരേണ്ടിവരും.

ജാമ്യം കിട്ടിയാൽ രാമലീല പുറത്തിറക്കാൻ നിർമ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരുന്നു. പാതിവഴിയിൽ നിന്നുപോയ പ്രൊഫസർ ഡിങ്കൻ, കമ്മാരസംഭവം എന്നീ ചിത്രങ്ങൾ പൂർത്തിയാക്കാനാകുമെന്നും കരുതി. എന്നാൽ എല്ലാ കണക്കുകൂട്ടലുകളും പിഴച്ചു.. നായകൻ അനന്തമായി ഇനി ജയിലിൽ. എന്ന് പുറത്തിറങ്ങുമെന്ന് പറയാനാകാത്ത സ്ഥിതി. സംവിധാനരംഗത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങി അരുൺഗോപി, രതീഷ് അമ്പാട്ട്, രാമചന്ദ്രബാബു എന്നിവർ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്നു. കോടികളിറക്കി കൈപൊള്ളിയ അവസ്ഥയിൽ ടോമിച്ചൻ മുളകുപാടം അടക്കമുള്ള നിർമ്മാതാക്കളും.

സിനിമാസംഘടനകളിൽ നിന്നെല്ലാം നേരിട്ട നടപടി, ഡി സിനിമാസിനെതിരായ അന്വേഷണം, സ്വത്തിൻ മേലുള്ള എൻഫോഴ്സ്മെന്റ് പരിശോധന... ദിലീപിന് മേൽ കുരുക്കുകൾ ഒന്നൊന്നായി മുറുകുകയാണ്.