ഐഡിഎസ്എഫ്എഫ്കെയില്‍ ആദ്യ പ്രദര്‍ശനം ഈ മാസം 21ന് തിരുവനന്തപുരം നിളയില്‍ വൈകിട്ട് 6.30ന്

ദിലീഷ് പോത്തനും ഗപ്പി ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ ചേതന്‍ ജയലാലും പ്രധാന കഥാപാത്രങ്ങളാവുന്ന ഷോര്‍ട്ട് ഫിലിം ആദ്യ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. മിഡ്നൈറ്റ് റണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് രമ്യ രാജ് ആണ്. തിരുവനന്തപുരത്തെ അന്താരാഷ്ട്ര ഡോക്യുമെന്‍ററി, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്‍റെ പ്രീമിയര്‍ ഷോ. ഈ മാസം 21ന് നിളാ തീയേറ്ററില്‍ വൈകിട്ട് 6.30നാണ് പ്രദര്‍ശനം. 

പൂര്‍ണമായും ഒരു രാത്രിയില്‍ നടക്കുന്ന സംഭവത്തെ ആധാരമാക്കി, റിയലിസ്റ്റിക് ത്രില്ലര്‍ സ്വഭാവത്തിലാണ് ഷോര്‍ട്ട് ഫിലിം. ദിലീഷ് പോത്തനെയും ചേതനെയും കൂടാതെ ഒരു ലോറിയും മിഡ്‌നൈറ്റില്‍ റണ്ണില്‍ കഥാപാത്രമായുണ്ട്. മലയാളത്തിലെ നവനിര ഛായാഗ്രാഹകരില്‍ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനാണ് ചിത്രം ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. രംഗനാഥ് രവി സൗണ്ട് ഡിസൈന്‍. കിരണ്‍ ദാസ് എഡിറ്റിംഗ്. പശ്ചാത്തലസംഗീതം ശങ്കര്‍ ശര്‍മ്മ. ആഷിക്ക് എസ് കലാസംവിധാനവും സിജി നോബല്‍ തോമസ് വസ്ത്രാലങ്കാരവും ബെന്നി കട്ടപ്പന നിര്‍മ്മാണനിര്‍വഹണവും നിര്‍വ്വഹിച്ചിരുന്നു. സതീഷ് എരിയലത്താണ് നിര്‍മ്മാണം.

മിഡ്നൈറ്റ് റണ്‍

ബി.ടി.അനില്‍കുമാറിന്‍റെ കഥയ്ക്ക് തിരക്കഥാരൂപം നല്‍കിയിരിക്കുന്നത് സംവിധായികയാണ്. സിബി മലയില്‍, സുജിത്ത് വാസുദേവ് എന്നീ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള രമ്യ പരസ്യചിത്ര സംവിധായികയുമാണ്. ഈ മാസം 20 മുതല്‍ 24 വരെയാണ് ഐഡിഎസ്എഫ്എഫ്‌കെ.