ബിനാലെയും ചലച്ചിത്രമേളയും തട്ടപ്പ് മേളകള്‍ രാജ്യത്തിന് ചേരാത്ത ആശയം ഇറക്കുമതി ചെയ്യുന്നു

അജ്മാന്‍: കലാകാരന്മാര്‍ക്ക് മനസമാധാനം കിട്ടുക ബിജെപിയില്‍ മാത്രമാണെന്ന് സംവിധായകന്‍ രാജസേനന്‍. തിരുവനന്തപുരത്ത് നടക്കാറുള്ള അന്താരാഷ്ട്ര ചലച്ചിത്രോത്സവും കൊച്ചിയിലെ മുസിരിസ് ബിനാലയെല്ലാം തട്ടിപ്പാണെന്നും രാജസേനന്‍ പറഞ്ഞു. അജ്മാനില്‍ ബിജെപി അനുഭാവികള്‍ സംഘടിപ്പിച്ച പരിപാടിയിലാണ് രാജസേനന്‍റെ പ്രസ്താവന. 

രാജ്യത്തിന് ചേരാത്ത ആശയങ്ങള്‍ ഇറക്കുമതി ചെയ്യാനാണ് ഇത്തരം മേളകള്‍ സംഘടിപ്പിക്കുന്നത്. രാജ്യത്തിന് വേണ്ടാത്ത ചില പ്രത്യയശാസ്ത്രങ്ങള്‍ പഠിപ്പിക്കാനാണ് അവിടെ പരിപാടികള്‍ ഒരുക്കുന്നത്. ചുവപ്പുവത്ക്കരണത്തിന്‍റെ വൃത്തികെട്ട ബിംബങ്ങളെയാണ് ഈ മേളകള്‍ അവതരിപ്പിക്കുന്നതെന്നും രാജസേനന്‍ പറഞ്ഞു. 

കലാരംഗത്ത് ചിലരുണ്ടാക്കിയ കുത്തക തകരാന്‍ പോവുകയാണ്. കലാമേഖലയില്‍ നിന്ന് സുരേഷ് ഗോപിയും താനും മാത്രമേ ബി.ജെ.പിയിലുള്ളു. എന്നാല്‍ മനസമാധാനം ആഗ്രഹിക്കുന്ന കൂടുതല്‍ കലാകാരന്‍മാര്‍ ബി.ജെ.പിയിലേക്ക് വരുമെന്നും രാജസേനന്‍ പറഞ്ഞു. ബി.ജെ.പി നിര്‍വാഹക സമിതിയംഗം കൂടിയാണ് രാജസേനന്‍.