സി.വി. സിനിയ

ചിത്രകഥയിലെ ശിക്കാരി ശംഭുവിനെ നമുക്ക് എല്ലാവര്‍ക്കും അറിയാം. അതുപോലൊരു സിനിമ വന്നാലോ? കുഞ്ചാക്കോ ബോബനെ നായകനാക്കി സൂഗീത് സംവിധാനം ചെയ്യുന്ന ചിത്രാണ് 'ശിക്കാരി ശംഭു'. നര്‍മത്തിലൂടെ പുലിവേട്ടയുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. ചിത്രത്തിന്‍റെ വിശേഷങ്ങള്‍ സംവിധായകന്‍ സുഗീത് ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമുമായി പങ്കുവയ്ക്കുന്നു. 

ശിക്കാരി ശംഭുവിന്‍റെ വിശേഷങ്ങള്‍

പച്ചപ്പിനുള്ളില്‍ നിന്ന് കൊണ്ട് ചെയ്ത സിനിമായാണിത്. റിയലിസ്റ്റിക് സിനിമയൊന്നുമല്ല. എന്നാല്‍ തികച്ചും എന്റര്‍ടെയിനര്‍. തമാശയും ആക്ഷനും ഗാനങ്ങളും ചേര്‍ന്ന സാധാരണ സിനിമ. കളര്‍ഫുള്‍ മൂവിയാണിത്. ഒരു ചിത്രകഥപോലെ രസിച്ചിരുന്ന് കണാവുന്ന സിനിമ. യുക്തിയുള്ള ചോദ്യങ്ങള്‍ക്കൊന്നും ഇതില്‍ പ്രസക്തിയില്ല. അല്ലാതെ തന്നെ കാണാവുന്ന ഒരു സിനിമയാണിത്. കുഞ്ചാക്കോ ബോബന്‍, ശിവദ, ഹരീഷ് കണാരന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സലീം കുമാര്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജനുവരി 18 ന് തിയേറ്ററുകളില്‍ എത്തും.

ചിത്രം റിയലിസ്റ്റിക്കല്ല

ശിക്കാരി ശംഭു റിയലിസ്റ്റിക്ക് സിനിമയല്ല. പ്രേക്ഷകന് ഇഷ്ടമാവുന്ന തരത്തില്‍ ഒരു ഫാന്‍റസി സിനിമയാണിത്. റിയലിസ്റ്റിക് സിനിമ വരുന്നത് നല്ല കാര്യമാണ്. അതിനിടയ്ക്ക് ഇത്തരം ഫാന്റസി സിനിമയും വരട്ടെ. 

ശിക്കാരി ശംഭു എന്ന കഥയിലേക്ക്

 ദുബായില്‍ വച്ച് എന്‍റെ ഒരു സുഹൃത്താണ് ഈ കഥ പറയുന്നത്. കഥപറയുന്നതിനിടെ അതിലെ ഒരു പോയന്‍റ് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.ആ പോയന്റാണ് ഈ സിനിമ. അതിനെ വികസിപ്പിച്ചെടുത്താണ് ശിക്കാരി ശംഭവിലേക്ക് എത്തിയത്.

തമിഴിലും ശിക്കാരി ശംഭു

തമിഴിലും ശിക്കാരി ശംഭു ചെയ്യുന്നുണ്ട്. അതിന് വേണ്ടി വിശാലുമായുള്ള ചര്‍ച്ചകള്‍ കഴിഞ്ഞു. നയന്‍താരെ നായികയാക്കണമെന്ന് ആഗ്രഹമുണ്ട്. നയന്‍താരയുടെ ഡേറ്റില്‍ തീരുമാനമായിട്ടില്ല. ഈ സിനിമ റിലീസായി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ തമിഴില്‍ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നുള്ളു. ചെന്നൈയിലെ ഒരു പ്രൊഡ്യൂസര്‍ ശിക്കാരി ശംഭുവില്‍ ഒരു കഥാപാത്രം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് ഈ കഥ ഇഷ്ടമായി. അങ്ങനെയാണ് ഈ സിനിമ തമിഴില്‍ അദ്ദേഹം ചെയ്യാമെന്ന തീരുമാനത്തിലേക്ക് എത്തുന്നത്.

ഭയത്തോടെ ചിത്രീകരണം

കോതമംഗലം, ചക്കിമേട് പൂതത്താംകാട് എന്നി് വലിയ കാടിനുള്ളില്‍ 55 ദിവസം കൊണ്ടാണ് സിനിമ ചിത്രീകരിച്ചത്. ചിത്രത്തിന്‍റെ മുക്കാല്‍ ഭാഗവും ചിത്രീകരിച്ചത് കാട്ടിലാണ്. ഷൂട്ട് തുടങ്ങി അവസാനിക്കുന്നത് വരെ മഴയാണ്. പേമാരി തന്നെയായിരുന്നു. മഴയില്‍ കുതിര്‍ന്നാണ് സിനിമ ചിത്രീകരിച്ചത്. അവിടെ വലിയ ഉരുള്‍ പൊട്ടല്‍ ഉണ്ടായി. മാത്രമല്ല ഉള്‍കാടായാതുകൊണ്ടു തന്നെ രണ്ട് തവണ ഞങ്ങളുടെ സെറ്റ് ആന ചവിട്ടി പൊളിച്ചു. വന്യമൃഗങ്ങള്‍ ഉള്ളതുകൊണ്ട് രാത്രി സിനിമ ചിത്രീകരിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ആനയുടെ ചിന്നം വിളിയൊക്കെ കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും പേടിയായിരുന്നു. കുറച്ച് റിസ്‌ക് എടുത്ത് ചെയ്ത സിനിമയാണ്. 

ടീം അംഗങ്ങള്‍ക്ക് പ്രത്യേക നന്ദി

 ചാക്കോച്ചനും ശിവദയുമുള്ള ഒരു പ്രണയഗാനമുണ്ട്. യഥാര്‍ത്ഥ മഴയില്‍ ടീം അംഗങ്ങള്‍ മഴ നനഞ്ഞാണ് ആ ഗാന രംഗം ചിത്രീകരിച്ചത്. ഏറെ ബുദ്ധിമുട്ടോടെയാണ് ചെയ്തതെങ്കിലും എല്ലാ ക്രൂ മെമ്പറും കട്ടയ്ക്ക് തന്നെ കൂടെ ഉണ്ടായിരന്നു. അതിന് ആ ഗ്രൂപ്പിന് ഞാന്‍ നന്ദി പറയുകയാണ്.