ക്രിസ് ഗെയ്‌ലിനെയും വിവിയൻ റിച്ചാർഡ്സിനെയും പോലുള്ള ഇതിഹാസങ്ങളെക്കാൾ സ്ഫോടനാത്മകമായാണ് വൈഭവ് ബാറ്റ് ചെയ്യുന്നതെന്ന് ശ്രീകാന്ത് പറഞ്ഞു.
ന്യൂ ചണ്ഡീഗഡ്: ഐപിഎല്‍ എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിനായി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻ നായകനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. വെറും 15 വയസ് മാത്രം പ്രായമുള്ള വൈഭവ് തന്‍റെ രണ്ടാം സീസണിൽ പുറത്തെടുക്കുന്ന പ്രകടനം ക്രിക്കറ്റ് ചരിത്രത്തിൽ മറ്റാർക്കും തകർക്കാൻ കഴിയാത്തതാണെന്ന് ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലിൽ അഭിപ്രായപ്പെട്ടു.
ബുധനാഴ്ച മുള്ളൻപൂരിൽ നടന്ന മത്സരത്തിൽ ഹൈദരാബാദിനെതിരെ 29 പന്തിൽ 97 റൺസുമായി തകർത്തടിച്ച വൈഭവിന്‍റെ ബാറ്റിംഗ് മികവിൽ രാജസ്ഥാൻ 47 റൺസിന്‍റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. ക്രിസ് ഗെയ്‌ലിനെയും വിവിയൻ റിച്ചാർഡ്സിനെയും പോലുള്ള ഇതിഹാസങ്ങളെക്കാൾ സ്ഫോടനാത്മകമായാണ് വൈഭവ് ബാറ്റ് ചെയ്യുന്നതെന്ന് ശ്രീകാന്ത് പറഞ്ഞു.
ഇനി ഇവന് എന്ത് പേരിടണം എന്നാണ് ആലോചിക്കേണ്ടത്. 'യൂണിവേഴ്സ് ബോസ്' എന്നോ 'ക്രിക്കറ്റിലെ ദൈവം' എന്നോ ഒക്കെ വിളിക്കണോ? ലോകം മുഴുവൻ അവനെ പ്രശംസിക്കുകയാണ്. ക്രിസ് ഗെയ്ൽ തന്‍റെ കരിയറിൽ ചെയ്തതിനേക്കാൾ വലിയ കാര്യങ്ങളാണ് ഈ കുട്ടി തന്‍റെ രണ്ടാം സീസണിൽ തന്നെ ചെയ്യുന്നത്. ഈ റെക്കോര്‍ഡുകളൊക്കെ ഭാവിയിൽ മറ്റൊരു താരത്തിന് തകർക്കുക എന്നത് അസാധ്യമാണ്. അവൻ വെറുതെ കണ്ണുംപൂട്ടി അടിക്കുകയല്ല, മറിച്ച് അതീവ ബുദ്ധിപൂർവ്വമാണ് ബാറ്റ് ചെയ്യുന്നത്. വിവ് റിച്ചാർഡ്സും കപിൽ ദേവും ബൗളിംഗ് നിരകളെ തകർത്തുതരിപ്പണമാക്കുന്നത് ഞാൻ പലവട്ടം കണ്ടിട്ടുണ്ട്. എന്നാൽ അവരേക്കാൾ സ്ഫോടനാത്മകമായാണ് വൈഭവ് കളിക്കുന്നത്. വിവിയൻ റിച്ചാർഡ്സിനോ കപിൽ ദേവിനോ പോലും ഇത്രയും സ്ഥിരതയോടെ ബൗളർമാരെ തല്ലിച്ചതയ്ക്കാൻ കഴിഞ്ഞിട്ടില്ലെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.
2016 ല്‍ 973 റൺസ് അടിച്ചുകൂട്ടി വിരാട് കോലി ഐപിഎൽ തന്‍റെ പേരിൽ എഴുതിച്ചേർത്തതുപോലെ, 2026 സീസൺ വൈഭവ് സൂര്യവംശിയുടെ പേരിൽ അറിയപ്പെടുമെന്ന് ശ്രീകാന്ത് പറഞ്ഞു. സീസണിലെ 15 ഇന്നിംഗ്സുകളിൽ 11-ലും താരം മികച്ച സ്കോർ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ 45.33 ശരാശരിയിലും 242.85 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിലും 680 റൺസോടെ ഓറഞ്ച് ക്യാപും ഈ 15-കാരന്‍റെ കൈകളിലാണ്. എലിമിനേറ്ററിൽ 12 സിക്സറുകൾ പറത്തിയതോടെ ഒരു ഐ.പി.എൽ സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന ക്രിസ് ഗെയ്‌ലിന്‍റെ റെക്കോർഡും വൈഭവ് മറികടന്നു.
നാളെ (മെയ് 29) ന്യൂ ചണ്ഡീഗഡിൽ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസാണ് രാജസ്ഥാന്‍റെ എതിരാളികൾ. ഈ മത്സരത്തിൽ ഗുജറാത്ത് പേസർ മുഹമ്മദ് സിറാജിനെ വൈഭവ് ലക്ഷ്യം വെക്കുമെന്ന രസകരമായ ഒരു പ്രവചനവും ശ്രീകാന്ത് നടത്തി. കഴിഞ്ഞ മത്സരത്തിൽ സിറാജ് വൈഭവിനെ പുറത്താക്കിയ ശേഷം താരത്തെ ദേഷ്യത്തോടെ നോക്കിയിരുന്നു. അത് വൈഭവിന്‍റെ മനസ്സിലുണ്ടാകുമെന്നും, നാളെ സിറാജിന് വൈഭവിൽ നിന്ന് വലിയ പ്രഹരം ഏൽക്കേണ്ടി വരുമെന്നും ശ്രീകാന്ത് പറഞ്ഞു. കഴിഞ്ഞ സീസണിൽ ഗുജറാത്തിനെതിരെയാണ് വൈഭവ് തന്‍റെ കന്നി ഐപിഎൽ സെഞ്ച്വറി നേടിയിരുന്നത് എന്ന പ്രത്യേകതയുമുണ്ട്. നാളെ നടക്കുന്ന ക്വാളിഫയർ 2-ൽ വിജയിക്കുന്നവർ ഫൈനലിലെത്തും. ആദ്യ ക്വാളിഫയര്‍ ജയിച്ച ആര്‍സിബി നേരത്തെ ഫൈനലിലെത്തിയിരുന്നു.
