സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍റെ ഹര്‍ജിയില്‍ തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയുടേതാണ് ഉത്തരവ്

ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റചിത്രമെന്ന നിലയില്‍ വാര്‍ത്താപ്രാധാന്യം നേടിയ അക്ഷയ് ഖുറാന ചിത്രം കര്‍വാന്‍റെ റിലീസിന് കോടതിയുടെ സ്റ്റേ. സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍റെ ഹര്‍ജിയില്‍ തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയുടേതാണ് ഉത്തരവ്. താന്‍ സംവിധാനം ചെയ്‍ത ഏദന്‍ എന്ന ചിത്രത്തിന്‍റെ പകര്‍പ്പാണ് കര്‍വാന്‍ എന്നാരോപിച്ചാണ് സഞ്ജു കോടതിയെ സമീപിച്ചത്. അതേസമയം കര്‍വാന്‍ മുന്‍ നിശ്ചയപ്രകാരം കേരളമെമ്പാടും പ്രദര്‍ശനത്തിനെത്തുമെന്ന് ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. ചിത്രത്തിന്‍റെ കേരള തീയേറ്റര്‍ ലിസ്റ്റും ദുല്‍ഖര്‍ അവതരിപ്പിച്ചിട്ടുണ്ട്.

എസ്.ഹരീഷിന്‍റെ മൂന്ന് കഥകളെ ആസ്പദമാക്കിയാണ് സഞ്ജു സുരേന്ദ്രന്‍ ഏദന്‍ ഒരുക്കിയത്. കര്‍വാന്‍റെ ട്രെയ്‍ലറില്‍ കണ്ടതുപ്രകാരം അതിലെ കഥാപാത്രങ്ങള്‍ക്കും ലൊക്കേഷനും ചിത്രം പറയുന്ന വിഷയത്തിനും അവതരണരീതിക്കുമൊക്കെ ഏദനുമായി സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സഞ്ജു സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. 

കര്‍വാനില്‍ ദുല്‍ഖറിനൊപ്പം ഇര്‍ഫാന്‍ ഖാന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പുതുമുഖം മിഥില പല്‍ക്കര്‍ ആണ് നായിക. മൂന്നു പേർ ചേർന്ന് യാത്ര പോകുന്നതും യാത്രാമധ്യേ ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് അറിയുന്നു. അക്ഷയ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുസൈന്‍ ദലാല്‍. അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. റോണി സ്ക്രൂവാലയാണ് നിർമ്മാണം. കേരളത്തിലെ വിവിധ ഭാഗങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. ഒരു റോഡ് മൂവിയായാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.